നേരം ( Movie Review) : പ്രേക്ഷകരെ മുഷിപ്പിക്കാത്ത നേരം


നിത്യജീവിതത്തിലെ മുഷിപ്പില്‍ നിന്നും മുക്തി നേടാന്‍ തിയറ്ററുകളിലെത്തുന്ന  പ്രേക്ഷകരെ തുടക്കം മുതല്‍ ഒടുക്കം വരെ മുഷിപ്പിക്കാത്ത ഒരു സിനിമയായിരിക്കും സാധാരണ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു നല്ല സിനിമ.  ആദിമധ്യാന്ത്യം ഒട്ടും മുഷിപ്പിക്കാതെ പ്രേക്ഷകനെ മുഴുനീളെ engaged ആക്കി നിര്‍ത്തുന്ന അത്തരം സിനിമകള്‍ക്കുള്ള ഏറ്റവും പുതിയ ഉദാഹരമാണ് നേരം. ചിത്രത്തിന്റെ നാമം പോലെ തന്നെ ചിത്രം കാണുന്ന പ്രേക്ഷകനും നേരം പോകുന്നതറിയാതെ ചിത്രത്തില്‍ മുഴുകിയിരിക്കാനാകുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. സാധാരണ suspense thriller സിനിമകളാണ് പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി തുടക്കം മുതല്‍ ഒടുക്കം വരെ engaged ആക്കി നിര്‍ത്താറുള്ളത്. എന്നാല്‍ ആ ജനുസ്സില്‍ പെടാതെ ചെന്നൈയില്‍ ജീവിക്കുന്ന ഒരു മലയാളി യുവാവിന്റെ പ്രാരാബ്ദങ്ങളും, നെട്ടോട്ടവും, പ്രേമവും ദൃശ്യവത്കരിക്കുന്ന നേരത്തിന് പ്രേക്ഷകരെ മുഴുവന്‍ നേരവും ഉത്സുകരായി   നിര്‍ത്താന്‍ സാധിച്ചുവെങ്കില്‍ അതിന് കാരണം വിദഗ്ദമായ തിരക്കഥാ രചനയും, പിഴവില്ലാത്ത സംവിധാനവും തന്നെയാണ്.


" പുതുമകളൊന്നുമില്ലാത്ത ആദ്യ മലയാള ചിത്രം" എന്ന  നേരത്തിന്റെ പരസ്യവാചകം ഒരു മുന്‍കൂര്‍ ജാമ്യമാണ് എന്ന് പ്രേക്ഷകന് മനസ്സിലാവും.അത് പോലെ അനുകരണം എന്ന വാസനയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള മഹാന്റെ വാചകം സിനിമയുടെ തുടക്കതില്‍ തന്നെ കാണിച്ചതും ഒരു മുന്‍കൂര്‍ ജാമ്യം തന്നെയാവാനാണ് സാധ്യത. അഭ്യസ്തവിദ്യനായ ഒരു തൊഴിലന്വേഷകനായ യുവാവ് ഒരു ദിവസം അനുഭവിക്കുന്ന ( നേരിടുന്ന) സംഘര്‍ഷങ്ങള്‍ ചിത്രീകരിക്കുന്ന നേരത്തില്‍ പുതുമയെന്നു പറയാനുള്ള കഥാതന്തു ഇല്ലാത്തതും നമ്മള്‍ കണ്ട്  കഴിഞ്ഞ വിദേശ ഭാഷ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പല സിനിമകളിലെയൂം രംഗ ചിത്രീകരണവും നേരത്തില്‍ കാണാനാവുന്നത് അത് കൊണ്ട് തന്നെ യാദൃശ്ചികമാവാന്‍ വഴിയില്ല. എന്തു തന്നെയായാലും നേരം അഥവാ സമയം എന്ന നഷ്ടപ്പെട്ടാല്‍ തിരിച്ചു ലഭിക്കാത്ത എല്ലാറ്റിനും അതീഥമായ ( അങ്ങിനെയാണ് സിനിമയൂടെ തുടക്കത്തിലുള്ള നരേഷനില്‍ പറയുന്നത്) പ്രതിഭാസം  ഒരു കഥാപാത്രം തന്നെയെന്നവിധത്തില്‍ അവതരിപ്പിച്ച് നേരത്തിന്റെ പ്രാധാന്യവും നേരത്തിന്റെ വകഭേധങ്ങള്‍ ( നല്ല നേരവും ,ചീത്ത നേരവും ) മനസ്സിലാക്കിത്തരുന്ന രീതിയിലുള്ള ആഖ്യാന രീതിയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിന് സാധ്യമായത് non linear രീതിയിലുള്ള തിരക്കഥയും, അതി വിദഗ്ദമായ എഡിറ്റിംഗും, ഉദ്വേഗജനത നിലനിര്‍ത്തുന്ന പശ്ചാത്തല സംഗീതവുമാണെന്ന് പറയുമ്പോഴും, ചിത്രത്തിന്റെ മറ്റു മേഖലകളിലെ പ്രതിഭകളെയൂം അവഗണിക്കാനാവില്ല എന്നും കൂട്ടി വായിക്കേണ്ടതാണ്.


അമേരിക്കയില്‍ " ബോംബ്" പൊട്ടിയപ്പോള്‍ ചെന്നൈയിലെ തന്റെ ജോലി നഷ്ടപ്പെട്ട ഹതഭാഗ്യനായ മാത്യു( നിവിന്‍ പോളി) എന്ന ചെറുപ്പക്കാരന്റെ ചീത്ത നേരം തുടങ്ങുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. തന്റെ സഹോധരിയുടെ വിവാഹത്തിന് വേണ്ടി വെട്ടിരാജ എന്ന "നല്ലവനായ" പണമിടപാടുകാരനില്‍ നിന്നും പണം വാങ്ങുന്നു. പണം തിരിച്ചു നല്‍കാനുള്ള അവസാന അവധിയായിട്ടും ഒരു ജോലി സമ്പാധിക്കാനാവാതെ പ്രതിസന്ധിയിലിരിക്കുന്ന മാത്യുവിന്റെ നേരം കെട്ട നേരത്താണ്  അവന്റെ കൂടെ താമസിക്കാനായി കാമുകി ജീന ( നസ്റിയ) വീടുവിട്ടിറങ്ങുന്നത്. വെട്ടി രാജക്ക് തിരിച്ചു നല്‍കാനുള്ള പണം ഏതു വിധേനയും സംഘടിപ്പിച്ചു വന്ന മാത്യുവില്‍ നിന്നും ഒരു പിടിച്ചു പറിക്കാരന്‍ ആ തുക തട്ടിപ്പറിക്കുന്നതോടെ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂടുകയാണ്. അതിനിടയില്‍ ജീനയെ മാത്യു തട്ടിക്കൊണ്ട് പോയതാണെന്നുള്ള അവളുടെ അച്ഛന്റെ പോലീസ് പരാതിയും അവനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ഇതിനിടയില്‍ വെട്ടിരാജ ജീനയെ  kidnap ചെയ്യുന്നതോടെ പ്രശ്നങ്ങളൂടെ ഊരാക്കുടുക്ക് കൂടുതല്‍ മുറുകുന്നു. ഒടുവില്‍ റൈബാന്റെ ( മനോജ് കെ ജയന്‍ ) രംഗപ്രവേശത്തോടെ കഥക്ക് പുതിയ ഒരു ഗതി വരുമ്പോള്‍ സംഘര്‍ഷങ്ങളുടെ നൂലാമാലകള്‍ അഴിഞ്ഞ് ചീത്ത നേരം നല്ല നേരമായി രൂപാന്തരപ്പെടുന്നതാണ് ; നേരം ; എന്ന ചിത്രത്തില്‍ നമുക്ക് കാണാനാവുക.

നേരത്തിന് ഒരു ഷോട്ട് ഫിലിമിന്റെ മുഖച്ഛായയുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാവില്ല. കാരണം ദൈര്‍ഖ്യം കുറഞ്ഞ ഒരു കഥയെ സമയത്തിന്റെ പരിധിക്കുള്ളിലൊതുങ്ങുന്ന കഥാഗതിയാക്കി വികസിപ്പിക്കുകയും, ഹ്രസ്വ ചിത്രങ്ങളുടെ ആഖ്യാന രീതിയവലംബിക്കുകയും ചെയ്തതെല്ലാം പ്രേക്ഷകനെക്കൊണ്ട് അങ്ങനെ പറയിപ്പിക്കാന്‍ ഹേതുവായി എന്നു വേണം കരുതാന്‍ . ഒട്ടേറെ short films ചെയ്ത അല്ഫോന്‍സ് പുത്തരെന്‍ എന്ന ബഹുമുഖപ്രതിഭ ഒരു feature film ചെയ്യുമ്പോള്‍ അതിന് short film-ന്റെ സ്വാധീനം കടന്നു കൂടിയെങ്കില്‍ അത്ഭുതമൊന്നുമില്ലല്ലോ. തിരക്കഥയും, എഡിറ്റിംഗും, സംവിധാനവും ഒരു പോലെ മികച്ചതാക്കിയതിന് ഈ നവാഗത ചലച്ചിത്രകാരനെ അഭിനന്ദിക്കുക തന്നെ വേണം. ചിത്രത്തിന്റെ ദൃശ്യങ്ങള്‍ക്ക് ഒരു realistic touch നല്‍കിയതിന് ഛായഗ്രഹകനെപ്പോലെ തന്നെ Art director -ഉം make up man-ഉം  പ്രശംസയര്‍ഹിക്കുന്നു. പശ്ചാത്തല സംഗീതത്തിനുള്ള മികവ് ഗാനങ്ങള്‍ക്ക് ഇല്ലാതിരുന്നത് ഖേദകരമായിപ്പോയി.  എങ്കിലും ജഗതിയുടെ വരികളെ കടമെടുത്തു കൊണ്ടുണ്ടാക്കിയ പിസ്ത ( എന്നു തുടങ്ങുന്ന ഗാനം ) രസകരമായി.

നിവിന്‍ പോളിയുടെ സാധാ കാമുകന്‍ ഇമേജില്‍ നിന്നും രോഷാകുലനായ/ പ്രാബ്ദക്കാരനായ ചെരുപ്പക്കാരനിലേക്കുള്ള രൂപാന്തരം മോശമായില്ല. നായികയായെത്തിയ നസ്രിയക്ക് ജീനയെ കുറച്ചുകൂടി ആകര്‍ഷകമാക്കാമായിരുന്നു. സഹനടന്മാരും. വില്ലന്മാരുമുള്‍പ്പെടെ ഒട്ടേറെ പുതുമുഖങ്ങളെ നേരത്തില്‍ പരിചയപ്പെടുത്തിയെങ്കിലും പ്രതീക്ഷ നല്‍കുന്ന അഭിനയസിദ്ധി ആര്‍ക്കും കാഴ്ച വക്കാനായില്ല എന്നത് ഖേദകരമാണ്. ഊക്കന്‍ എന്ന പോലീസുദ്യോഗസ്ഥനായി ഷമ്മി തിലകന്‍ ഉഗ്രനായി.
നേരം വെറുമൊരു നേരമ്പോക്കായി തോന്നാമെങ്കിലും നേരം  കണ്ടിരിക്കുന്ന നേരമെങ്കിലും പ്രേക്ഷകര്‍ ബോറടിക്കില്ല എന്ന് തറപ്പിച്ച് പറ്യാനാവും എന്നുള്ളതാണ് നേരത്തിന്റെ "നല്ല നേരം".




No comments

Theme images by Maliketh. Powered by Blogger.