Rustom Movie Review
യഥാര്‍ഥ സംഭവങ്ങളെ ചലച്ചിത്രമായി ആവിഷ്കരിക്കുന്പോള്‍ തിരക്കഥാകൃത്തും സംവിധായകനും പരിപൂര്‍ണ്ണ സൂക്ഷ്മത പാലിച്ചാല്‍ അതൊരു മികച്ച ചിത്രമായി മാറും എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് രസ്തം. അക്ഷയ് കുമാര്‍ ഒരു സൈനിക ഉദ്യോഗസ്ഥനായി വരുന്ന രസ്തം ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. 1959-ല്‍ കോളിളക്കം സൃഷ്ടിച്ച നാനാവതി കേസിനെ ആസ്പദമാക്കിയുള്ള രസ്തം ഡ്രാമയും സസ്പെന്സും ഇടകലര്‍ത്തി അവതരിപ്പിച്ച ഒരു ത്രില്ലര്‍ മൂവി ആണെന്ന് തന്നെ പറയാം.
സൈനിക ആവശ്യത്തിനായി വിദേശത്ത് പോയി തിരിച്ചു വരുന്ന കമാന്ഡോ രസ്തം പാവ്രി( അക്ഷയ് കുമാര്‍) തന്റെ ഭാര്യയുടെ (ഇല്യാന ഡിക്രൂസ് ) അവിഹിത ബന്ധത്തെക്കുറിച്ചറിയുന്നിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് തന്റെ ഭാര്യയുടെ ജാരനെ (അര്‍ജുന്‍ ബജ്വ ) വെടിവെച്ചു കൊല്ലുന്ന രസ്തം പോലീസിന് കീഴടങ്ങുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ രസ്തം പാവ്രി യഥാര്‍ഥത്തില്‍ കൊലയാളിയാണെന്ന് തെളിയിക്കാന്‍ പ്രൊസിക്ക്യൂഷന്‍ പരാജയപ്പെടുന്നതായാണ് കാണൂന്നത്. സത്യസന്ധനും ദേശസ്നേഹിയുമായ നാവിക ഉദ്യോഗസ്ഥന് മാധ്യമങ്ങളുടെയും ജനത്തിന്റെയും പിന്തുണ ലഭിക്കുന്നതും കൊലക്കുറ്റം തെളിയിക്കാന്‍ എതിര്‍കക്ഷി നടത്തുന്ന ശ്രമങ്ങളെല്ലാം രസ്തമിന് അനുകൂലമാകുന്നതും കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകുന്നു.
ഇന്ത്യന്‍ ജുഡീഷ്യറിക്ക് തന്നെ തലവേധനയായി മാറിയ കേസിന്റെ വിചാരണയാണ് സിനിമയുടെ രണ്ടാം പകുതിയിലുടനീളമെങ്കിലും പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ സസ്പെന്സ് നിലനിര്‍ത്തിക്കൊണ്ടൂള്ള ആഖ്യാന രീതിയാണ് സംവിധായകന്‍ ഇവിടെ അവലംബിച്ചിരിക്കുന്നത്.
നാവിക ഉദ്യാഗസ്ഥനായിരുന്ന വിപുല്‍ കെ റാവലിന്റെ കെട്ടുറപ്പുള്ള തിരക്കഥയും കുറിക്കുകൊള്ളുന്നതും എന്നാല്‍ മിതത്വം പാലിക്കുന്നതുമായ സംഭാഷണങ്ങളുമാണ് രസ്തം ആസ്വാദകരമാക്കുന്നത്. മികച്ച കാസ്റ്റിംഗ് ആണ് ഈ ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ബുദ്ദിമാനും സത്യസന്ധനുമായ നേവല്‍ ഓഫീസറുടെ വേഷം ഒട്ടും അതി ഭാവുകത്വമില്ലാതെ തികഞ്ഞ കയ്യടക്കത്തോടെയാണ് അക്ഷയ്കുമാര്‍ ചെയ്തിരിക്കുന്നത്. താന്‍ വെറുമൊരു സൗന്ദര്യ ഭിംബമല്ല; തനിക്ക് നന്നായി അഭിനയിക്കാന്‍ കൂടി അറിയാമെന്ന് ഇല്യാന ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു. ഓവര്‍ ആക്ടിംഗ് ചെയ്ത് ഇഷ ഗുപ്ത വെറുപ്പിച്ചെങ്കിലും മറ്റു കഥാപാത്രങ്ങളായി വന്ന പഴയ സീരിയല്‍ അഭിനേതാക്കളെല്ലാവരും മികച്ച അഭിനയം കാഴ്ച വച്ചു.
പഴയ കാലഘട്ടത്തെ സസൂക്ഷമായ് പുനരവതരിപ്പിച്ച ആര്‍ട്ട് ഡയറക്ഷന്‍ ടീമും, പ്രമേയവും കാലഘട്ടവും ആവശ്യപ്പെടുന്ന രീതിയില്‍ ഷോട്ടുകളൊരുക്കിയ സിനിമാട്ടോഗ്രഫറും, ഒട്ടും ലാഗ് തോന്നാത്തരീതിയില്‍ എഡിറ്റ് ചെയ്ത് ഒരു ത്രില്ലര്‍ മൂവി ഫീലിംഗ് നല്‍കിയ ഏഡിറ്ററും ഈ ചിത്രത്തെ മികച്ചതാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അങ്കിത് തിവാരി ഉള്‍പ്പെടെയുള്ള അഞ്ച് സംഗീതജ്ഞര്‍ ചിട്ടപ്പെടുത്തിയ ഇന്പമാര്‍ന്ന ഗാനങ്ങളാണ് ഈ സിനിമയുടെ മറ്റൊരാകര്‍ഷണം.
1959-ലെ സംഭവ കഥ പറഞ്ഞ ചിത്രത്തില്‍ ഇന്നത്തെ കാലഘട്ടത്തിലെ രൂപ ഭാവങ്ങളോടെയുള്ള സഹനടിയെ (വില്ലത്തി) പ്രതിഷ്ടിച്ചതും, പഴയകാലഘട്ടത്തിലെ ഡല്‍ഹി എയര്‍പോര്‍ട്ട് സൃഷ്ടിക്കാന്‍ ബലഹീനമായ വിശ്വല്‍ ഇഫക്ട്സ് ഉപയോഗിച്ചതും, ഈ സിനിമ ആവശ്യപ്പെടുന്ന രീതിയിലുള്ള പശ്ചാത്തല സംഗീതത്തിന്റെ അഭാവവുമെല്ലാം രസ്തമിന്റെ ന്യൂനതയായി കാണാം. എങ്കിലും സിനിമയുടെ റിസര്‍ച്ച് വര്‍ക്കു തൊട്ട് കളര്‍ ഗ്രേഡിങ്ങില്‍ വരെ പരമാവധി സൂക്ഷ്മത പുലര്‍ത്തി നമുക്ക് ഒരു MUST SEE FILM സമ്മാനിക്കാന്‍ സംവിധായകനായ ടിനു സുരേഷ് ദേസായിക്ക് സാധിച്ചിട്ടുണ്ട്.
Leave a Comment