Shutter (Movie Review):ഷട്ടര്‍ എന്ന മറ തുറക്കുമ്പോള്‍ ...

വെള്ളിത്തിരയിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ദൃശ്യങ്ങള്‍ പ്രേക്ഷകനെ സിനിമയെന്ന  മായാപ്രപഞ്ചത്തിലെ വര്‍ണ്ണപ്പോലിമ ആസ്വദിക്കുന്ന വെറുമൊരു കാഴ്ചക്കാരന്‍ മാത്രമാക്കി മാറ്റുന്ന കച്ചവടച്ചേരുവകള്‍ ചേര്‍ത്ത  സിനിമകള്‍ക്കിടയിലും  ജീവിത യാഥാര്‍ഥ്യങ്ങളുടെ പച്ചയായ ദൃശ്യങ്ങള്‍ അതിഭാവുകത്വമില്ലാതെ കാണിക്കുന്ന  റിയലിസ്റ്റിക് സിനിമകള്‍ക്ക് ഇന്ന് പ്രിയം കൂടി വരുന്നു എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഷട്ടര്‍ . സ്റ്റുഡിയോയിലെ സെറ്റില്‍ നിന്നും, കൃത്രിമ വെളിച്ചത്തില്‍ നിന്നും  മോചനം നേടി out door location-ലേക്ക് മലയാള സിനിമ ചുവടു വച്ചപ്പോള്‍ മലയാളികള്‍ അതിനെ നെഞ്ചിലേറ്റി സ്വീകരിച്ചു എന്നതാണ്  ' നീലക്കുയില്‍ ' എന്ന ചിത്രത്തിന്റെ ചരിത്ര വിജയം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അത് പോലെ സമീപ കാലത്തിറങ്ങിയ ഒരു പ്രണയ ചിത്രം അതിന്റെ സത്യ സന്ധവും കൃത്രിമത്വമില്ലാത്തതുമായ ദൃശ്യങ്ങളിലൂടെ പ്രേക്ഷക ശ്രദ്ദ പിടിച്ചു പറ്റിയപ്പോള്‍ കണ്‍മുന്നില്‍ കാണുന്ന മനുഷ്യരെയും അവരുടെ പച്ചയായ ജീവിതാനുഭവങ്ങളും അവര്‍ക്കിടയിലുള്ള ഒരാള്‍ നേരിട്ട് കണ്ട് അനുഭവിക്കുന്ന പ്രതീതി നല്‍കിയാണ് ഷട്ടര്‍ എന്ന ചിത്രം ശ്രദ്ധേയമാകുന്നത്.
ജോണ്‍ അബ്രഹാം തന്റെ സിനിമയിലൂടെ നായകനായി അവതരിപ്പിച്ച ജോയ് മാത്യൂ സംവിധായക വേഷമണിയുമ്പോ ള്‍ ഒരു ആര്‍ട്ട് സിനിമ പ്രതീക്ഷിച്ചവരെ അമ്പരിപ്പിച്ച് കൊണ്ട് നഗ്നമായ ജീവിത സന്ദര്‍ഭങ്ങളിലേക്ക് ഷട്ടര്‍ തുറന്ന് കൊണ്ട് കലര്‍പ്പില്ലാത്ത ഒരു വിനോദ ചിത്രമാണ്  അദ്ദേഹം മലയാളികള്‍ക്ക്  സമ്മാനിക്കുന്നത് .  കച്ചവടച്ചേരുവകളുടെ മായം പുരളാത്ത ഷട്ടര്‍ തൂടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ബോറടിപ്പിക്കാതെയും അവരെ   രസിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്നത് കൊണ്ടാണ് ഇത് കളങ്കമില്ലാത്ത ( അശ്ളീലച്ചുവയുള്ള സംഭാഷണങ്ങളോ, ത്രസിപ്പിക്കുന്ന സംഗീതമോ, മാദക നൃത്തമോ, അമാനുഷിക കഥാപാത്രങ്ങളുടെ അതിസാഹസികമായ സംഘട്ടനങ്ങളോ ഇല്ലാത്ത) ഒരു വിനോദ ചിത്രമെന്ന് ഏതൊരു പ്രേക്ഷകനും പറഞ്ഞ് പോകുന്നത്. അതിന് സാധ്യമായതിന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ജോയ് മാത്യുവും, അഭിനേതാക്കളും മറ്റ് അണിയറപ്രവര്‍ത്തകരെയും പോലെ തന്നെ ചിത്രത്തിന്റെ ലൊക്കേഷനും സുപ്രധാന പങ്കുണ്ട്. കോഴിക്കോട് നഗരത്തിലും, പയ്യോളി-തിക്കോടി ഭാഗത്ത് വച്ചും ചിത്രീകരിച്ച സിനിമയുടെ ലോക്കേഷന്‍ സിനിമയില്‍ ഒരു കഥാപാത്രമായി പ്രേക്ഷകന് അനുഭവപ്പെടുന്നതാണ് ഷട്ടറിന്റെ സവിശേഷത. കോഴിക്കോടന്‍ ശൈലിയിലുള്ള സംഭാഷണങ്ങള്‍ ഈ സവിശേഷതക്ക് മാറ്റ് കൂട്ടുകയും ചെയ്തിരിക്കുന്നു.

സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തുക്കളുമായുള്ള സൗഹൃദത്തിന്റെ പേരില്‍ അവളുടെ പഠിപ്പ് നിര്‍ത്തി നിക്കാഹ് ചെയ്തയക്കാന്‍ തീരുമാനിക്കുന്ന റഷീദ് എന്ന പിതാവ് (ലാല്‍ ) മദ്യത്തിന്റെ ലഹരിയില്‍ തെരുവില്‍ നില്‍ക്കുന്ന വേശ്യയെ പ്രാപിക്കാന്‍ മോഹിക്കുകയും അതിനായി ഒടുവില്‍ വേശ്യയുമായി തന്റെ വീട്ടുമുറ്റത്തുള്ള പൂട്ടിക്കിടക്കുന്ന കടയുടെ ഷട്ടര്‍ തുറക്കുകയും ചെയ്യുന്നു. സാഹചര്യവശാല്‍ ഷട്ടര്‍ താഴ്ത്തി താഴിട്ടു പൂട്ടിയ ആ കടമുറക്കുള്ളില്‍ ഒരു വേശ്യയോടൊപ്പം ചെലവഴിക്കേണ്ടി വന്ന ഒരു രാത്രിയും പകലും റഷീദനുഭവിക്കുന്ന മനോ വ്യാപാരങ്ങളിലൂടെ സിനിമയുടെ കഥയുടെ ഒരു വശം കാണിക്കുമ്പോള്‍ വിലപ്പെട്ട തന്റെ ബാഗ് ആ അടച്ചിട്ട ഷട്ടറിനുള്ളിലായിപ്പോയപ്പോള്‍ ഒരു ചലച്ചിത്ര സംവിധായകന്‍ ( ശ്രീനിവാസന്‍ ) നേരിടുന്ന മനോ വ്യാധികളും ഇതിനെല്ലാം കാരണക്കാരനായി മാറുന്ന ഓട്ടോ ഡ്രൈവര്‍ ( വിനയ് ഫോര്‍ട്ട്) അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുമാണ് ഷട്ടറിലൂടെ നാം കാണുന്നത്. എന്നാല്‍ ദൃശ്യങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും നാം മനസ്സിലാക്കുന്ന ഷട്ടറിന് ഒരു പ്രത്യേക അര്‍ത്ഥതലമുണ്ടെന്നുള്ളതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
ചിത്രത്തിലെ കഥാഗതിയെ മാറ്റിമറിക്കുന്ന നിര്‍ണ്ണായകമായ കഥാപാത്രമയി മാറുന്നത് ഒരു വേശ്യയാണ് എന്നുള്ളതാണ് കൗതുകകരമായ ഒരു യാഥാര്‍ഥ്യം. മേനി പ്രദര്‍ശനവും , കൊതിപ്പിക്കുന്ന നോട്ടവും, അശ്ളീലച്ചുവയുള്ള സംഭാഷണങ്ങളുമയുള്ള മലയാള സിനിമയിലെ പതിവ് വേശ്യാ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ഷട്ടറിലെ തങ്കം പ്രേക്ഷകരെ രസിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് ജീവന്‍ നല്‍കിയ സജിതയുടെ വ്യത്യസ്തമായ അഭിനയ രീതിയും സ്വാഭാവികമായ കോഴിക്കോടന്‍ ചുവയുള്ള സംഭാഷണങ്ങളും ഷട്ടറിന്റെ മികവിന് മാറ്റ് കൂട്ടാന്‍ സഹായിച്ചിട്ടുണ്ട്. കൊച്ചു വേഷങ്ങളില്‍ വന്ന അഭിനേതാക്കള്‍ പോലും മികച്ച പ്രകടനമാണ് കഴ്ചവച്ചത് എന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്.
ഷട്ടറിട്ട് താഴ് ത്തിയ മുറിക്കുള്ളില്‍ പോലും സ്വാഭാവികമായ വെളിച്ചം നല്‍കിക്കൊണ്ട് ഷട്ടറിന്റെ ദൃശ്യങ്ങള്‍ക്ക് യഥാര്‍ഥ ജീവിതത്തിന്റെ മിഴിവേകിയ ഹരി നായരുടെ ഛായാഗ്രഹണം മികച്ചതാണ്. intercut ഉപയോഗിച്ച് പലരംഗങ്ങള്‍ക്കും ഉദ്വേഗത്തിന്റെ ചടുലതയും അനുയോജ്യമായ ഷോട്ടുകളെ ക്രിയാത്മകമായി സംയോജിപ്പിച്ച് സിനിമക്ക് സ്വാഭാവികമായ tempo നല്‍കിയ ചിത്രസംയോജനവും  നന്നായിട്ടുണ്ട്. സിനിമയെ വെറുമൊരു മായക്കാഴ്ചയായി മാത്രം കാണുന്ന പ്രേക്ഷകര്‍ക്ക് ഷട്ടറിനെ പെട്ടെന്ന് അംഗീകരിക്കാനാവില്ലെങ്കിലും സിനിമയെന്ന കലയെ സ്നേഹിക്കുന്ന ഏതൊരു ചലച്ചിത്രാസ്വാദകനെയും ഷട്ടര്‍ മുഷിപ്പിക്കില്ല എന്ന് തന്നെ പറയാം

No comments

Theme images by Maliketh. Powered by Blogger.