Bhaag Milkha Bhaag : Movie Review

സര്‍ഗ്ഗാത്മകതയുടെ സംവേധനമായും, ആദര്‍ശവും രാഷ്ട്രീയവും പ്രചരിപ്പിക്കാനായും, ചരിത്രം തുറന്ന് കാണിക്കാനുമൊക്കെയായും സിനിമ എന്ന മാധ്യമം ഉപയോഗപ്പെടുത്തിയത് നാം കണ്ടിട്ടുണ്ടെങ്കിലും, ഒരു കായിക താരത്തിന് നല്‍കാവുന്ന പരമോന്നതമായ സമര്‍പ്പണമായി ഒരു ചലച്ചിത്രം അവതരിച്ചിട്ടുണ്ടെങ്കില്‍ അതാണ് ഭാഗ് മില്‍ഖാ ഭാഗ്.  " Flying Sikh of India " എന്ന് പാക്കിസ്ഥാന്‍ പ്രസിഡണ്ട് പൊലും  വിശേഷിപ്പിച്ച  ഇന്ത്യയുടെ പടക്കുതിര മീല്‍ഖാ സിംഗ്  എന്ന കായിക പ്രതിഭയുടെ ജീവ ചരിത്രം ചലച്ചിത്രമാക്കിയപ്പോള്‍ അത് ചലച്ചിത്ര ലോകത്ത് ഒരു പുതിയ ചരിത്രം  സൃഷ്ടിക്കും എന്ന് വേണം കരുതാന്‍ . ലോക കായിക ഭൂപടത്തിലേക്ക് ഇന്ത്യാ മഹാരാജ്യത്തെ വലിച്ചുയര്‍ത്തിയ  മില്‍ഖാ സിംഗിന്റെ യഥാര്‍ത്ത ജീവതം വരച്ചു കാട്ടുകയാണെങ്കിലും കാല്‍പനികതയും സര്‍ഗ്ഗാത്മകതയും മനോഹരമായി മിശ്രണം ചെയ്യുകവഴി ഒരു ഉത്തമ ചലച്ചിത്ര ഭാഷ തന്നെയാണ് ഈ ചിത്രത്തിന് കൈ വന്നിരിക്കുന്നത്. ചലച്ചിത്രമെന്ന മാധ്യമത്തിന്റെ സാധ്യതതകള്‍ കാവ്യാത്മകമായും അതി വിദഗ്ദമായും ഉപയോഗപ്പെടുത്തി ഭാഗ് മീല്‍ഖാ ഭാഗിനെ ഒരു ഉത്തമ കലാ സ്രൂഷ്ടിയാക്കി മാറ്റിയതില്‍ സംവിധായകന്റെ കരവിരുത് തെളിഞ്ഞ് കാണുന്നുണ്ടിവിടെ. യുവാക്കളില്‍ ദേശസ്നേഹം പകര്‍ന്നു കൊടുത്ത 'രംഗ് ദേ ബസന്ദി 'ഭാരതീയര്‍ക്ക് സമ്മാനിച്ച രാഖേഷ് ഓം പ്രകാശ് മെഹ്റയെന്ന സംവിധായക പ്രതിഭയുടെ മാസ്റ്റര്‍ പീസ് എന്നു തന്നെ പറയാവുന്ന ഒരു ചലച്ചിത്രകാവ്യം തന്നെയാണ് ഭാഗ് മില്‍ഖാ ഭാഗ്. മീഖാ സിംഗിന്റെ ജീവിതത്തിലെ ഓരോ ഏടുകളും പ്രേക്ഷകര്‍ക്ക് മുന്നില്‍ പകര്‍ത്തിയ ചലച്ചിത്രത്തിന് മൂന്നര മണിക്കൂറോളം ദൈര്‍ഘ്യം വന്നെങ്കിലും ഇന്തയുടെ യശസ്സ്  വാനോളം ഉയര്‍ത്തിയ ഇന്നും ജീവിച്ചിരിക്കുന്ന അതുല്യ കായിക പ്രതിഭയുടെ ആത്മ ത്യാഗത്തിന്റെയും, സമര്‍പ്പണത്തിന്റെയും പച്ചയായ ജീവിത മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകരിലെത്തിക്കാനും ജനഹൃദയങ്ങളില്‍ മീഖാ സിംഗ് എന്ന അതുല്യ പ്രതിഭയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിനും ചിത്രത്തിനായിട്ടുണ്ട്.

സിനിമയുടെ ആദ്യ ഷോട്ട്  തന്നെ സംവിധായകന്റെ ദൃശ്യ ഭാവന പ്രകടമാകുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 1960-ലെ റോം ഒളിംപിക്സിലെ ഫൈനല്‍ മത്സരത്തിനായി ഗ്രൗണ്ടിലേക്കിറങ്ങുന്ന മത്സരാര്‍ത്ഥികളുടെ പിന്‍ ഭാഗത്തു നിന്നുമുള്ള stencil shot-ല്‍ ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്ക് നടന്നു നീങ്ങുന്ന കളിക്കാര്‍ക്കിടയില്‍ സിക്കുകാരനായ ഇന്ത്യന്‍ പൗരനെ വേര്‍തിരിച്ച് കാണിക്കാതെ തന്നെ പ്രേക്ഷകന് മനസ്സിലാവുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അര്‍ഥവത്തായ ഈ ഷോട്ടിലൂടെ തുടങ്ങുന്ന ദൈര്‍ഘമേറിയ സിനിമയുടെ പല ഷോട്ടുകളും സ്വമേധയാ പ്രേക്ഷകനോടു കഥ പറയുന്നു. ഒരു പടക്കുതിരയെപ്പോലെ കുതിച്ചു പാഞ്ഞിരുന്ന ഇന്ത്യയുടെ ഗോള്‍ഡ് മെഡല്‍ പ്രതീക്ഷയായ മില്‍ഖാ സിംഗ് വിജയിക്കാനേതാനും നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ പിന്നോട്ടു തിരിഞ്ഞു നോക്കുന്നത് വഴി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നു. പിന്നീട് ഈ പരാജയത്തിന്റെ ( അതു വരെയുള്ള വിജയത്തിന്റെയും) കാരണം മില്‍ഖായുടെ ഭൂതകാലം തന്നെയാണ് എന്ന് കാട്ടിത്തരുന്ന രീതിയിലാണ് സിനിമയുടെ ആഖ്യാന രീതി. പഞ്ചാബ് പ്രവിശ്യയിലെ മുല്‍ട്ടാന്‍ എന്ന ഗ്രാമത്തില്‍ സിഖു കുടുംബത്തില്‍ ജനിച്ച മില്‍ഖായുടെ ബാല്യകാലം തന്നെയാണ് അദ്ദേഹത്തെ ഒരു മികച്ച ഓട്ടക്കാരനാകാന്‍ അടിത്തറ പാകിയത്. എന്നാല്‍ വിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാനിന്റെ ഭാഗമായി മാറിയ മുള്‍ട്ടാനില്‍ നിന്നും ഇന്ത്യയിലേക്ക് പാലായനം ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് മില്‍ഖായുടെ ജീവിതത്തിന്റെ കറുത്ത അധ്യായം. സഹോധരി ഒഴികെ തന്റെ കുടുംബത്തിലെ സകലരും സിഖുകാര്‍ക്ക് മേലുള്ള പാക്കിസ്ഥാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മില്‍ഖായുടെ തുടര്‍ന്നുള്ള ജീവിതം കഠിനമാക്കുന്നു. എന്നാല്‍ വളര്‍ന്നപ്പോള്‍ പ്രണയിനിയെ സ്വന്തമാക്കാന്‍ വേണ്ടി മാന്യമായ തൊഴിലിനായുള്ള അന്വേഷണം മില്‍ഖായെ ഇന്ത്യന്‍ ആര്‍മിയിലെത്തിക്കുന്നു. തുടര്‍ന്ന് ആര്‍മിയിലെ പരിശീലകനാണ് മില്‍ഖായിലെ ഓട്ടക്കാരനെ തിരിച്ചറിയുന്നത്. ആര്‍മിയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ടീമിലെത്തുന്ന മില്‍ഖ തീവ്ര പരിശീലനത്തിലൂടെയൂം അര്‍പ്പണ ബോധത്തോടെയും ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ പറക്കും സിംഗായി മാറി റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതാണ് നമുക്ക് കാണാനാവുന്നത്.

ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ജീവ ചരിത്രം ഒട്ടും ബോറടിപ്പിക്കാതെയും, ഒരു documentary പോലെ ആകാതെയും പ്രേക്ഷകന് അനുഭവപ്പെടുന്നതില്‍ സംവിധായകന്റെ കരവിരുതിനോടൊപ്പം തന്നെ തിരക്കഥാകൃത്തിന്റെയും ചിത്രസംയോജകന്റെയും മികവും കാരണമായിട്ടുണ്ട്. Non linear രീയിയിലുള്ള ചിത്രത്തിന്റെ ആഖ്യാനത്തിന് ഉദ്വേഗജനത നിലനിര്‍ത്താനായതും ഷോട്ടുകള്‍ ക്രമീകരിക്കുന്നതില്‍ എഡിറ്റര്‍ കാണിച്ച വൈദഗ്ദ്യം കൊണ്ട് തന്നെയാണ്.  മില്‍ഖായുടെ( Farhan Akther) ബിരോയുമായുള്ള( Sonam Kapur) പ്രണയത്തിന് നിമിത്തമാകുന്ന നിറകുടവും അതില്‍ നിന്ന് തുളുമ്പി വീഴുന്ന ജലവും കമിതാക്കള്‍ തമ്മിലുള്ള പിന്നീടുള്ള പല രംഗങ്ങളിലും മനോഹരമായി ഉപയോഗിക്കുക വഴി കുടത്തില്‍ നിന്നും തുളുമ്പുന്ന ജലത്തുള്ളികള്‍ മില്ഖായുടെ മനസ്സില്‍ നിന്നും തുളുമ്പി വീഴുന്ന പ്രണയമായി വ്യാഖാനിക്കാന്‍ സംവിധായകന്‍ ശ്രമിച്ചത് ശ്രദ്ദേയമാണ്. അത് പോലെ തന്നെ കുതിര ശക്തിയാല്‍ ഓടുന്ന മില്ഖായുടെ കാല്‍പാദങ്ങള്‍ പതിയുന്ന ഗ്രണ്ടില്‍ നിന്നുമുയരുന്ന മണല്‍ത്തരികളുടെ ക്ലോസപ്പ് ഷോട്ടുകള്‍ കാണിക്കുക വഴി മില്‍ഖായുടെ ഓട്ടത്തിന്റെ ചടുലതയും തീവ്രതയും വിദഗ്ദമായി ആഖ്യാനിക്കുന്നു. ഇത്തരത്തിലുള്ള അര്‍ഥവത്തായതും, മനോഹാരിത തുളുന്പുന്നതുമായ ഒട്ടനേകം ഷോട്ടുകള്‍ ക്യാമറയില്‍ പകര്‍ത്തിയ ഛായാഗ്രഹകന്റെ പ്രതിഭ പ്രശംസനീയമാണ്.

ഭാഗ് മില്‍ഖാ ഭാഗിന്റെ അടിത്തറ മില്‍ഖാ സിംഗ് എന്ന കഥാപാത്രമാണെന്നത് പോലെ ചിത്രത്തിന്റെ നെടും തൂണും, ആകര്‍ഷണവും ആ കഥാപാത്രമായി ജീവിച്ച ഫര്‍ഹാന്‍ അക്തറിന്റെ മികവുറ്റ പ്രകടനം തന്നെയാണ്. ശരീര ഘടനയിലും ഭാവപ്രകടനങ്ങളിലും അക്ഷരാര്‍ത്ഥത്തില്‍ മില്ഖാ സിംഗ് എന്ന വിശ്വോത്തര അത്ലറ്റായി മാറിയ ഫര്‍ഹാന്‍ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. നായികയായി വന്ന സോനം കപൂറിന് സിനിമയില്‍ കാര്യമയി ഒന്നും ചെയ്യാനില്ലെങ്കിലും നിഷ്കളങ്കത തുളുമ്പുന്ന സോനത്തിന്റെ ഭാവപ്രപടനങ്ങള്‍ മില്ഖയുടെ പ്രണയരംഗങ്ങള്‍ക്ക് ചാരുതയേകി. മില്ഖായുടെ സഹോധരിയായി അഭിനയിച്ച ദിവ്യാ ദത്തയുടെ അഭിനയം ഒരേ സമയം നൈസര്‍ഗ്ഗികവും പക്വത നിഴലിക്കുന്നതുമായി. ന്യൂ ജനറേഷന്‍ ബോളീവുഡ് സിനിമകളില്‍ അന്യം  നിന്നു കൊണ്ടിരിക്കുന്ന സഹോധര-സഹോധരി ബന്ധത്തിന്റെ മനോഹാരിതയും തിവ്രതയും പ്രേക്ഷക ഹൃദയത്തില്‍ പ്രതിഷ്ടിക്കാന്‍ ഈ അഭിനേത്രിയുടെ പ്രകടനത്തിനായിട്ടുണ്ട്. വൈവിധ്യവും സന്ദര്‍ഭോചിതവുമായ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ Shkar- Ehsan- Loy ടീമിന്‍റെ സംഗീതം ചിത്രത്തിന് ഒരു പുതിയ ഭാവതലം തന്നെ നല്‍കിയിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ആത്മാവുമായി ഇഴികിച്ചേരുന്ന് നില്‍ക്കുന്നതും പ്രശംസനീയമാണ്. അമ്പ തുകളിലെ ഇന്തയുടെ രംഗ സജ്ജീകരണം നടത്തിയ Art Director-ഉം കാലഘട്ടത്തിനനുയോജ്യമായ രീതിയില്‍ വസ്താലങ്കരം നിര്‍വ്വഹിച്ച Costume designer -ഉം ഫര്‍ഹാനെ മില്ഖാ ആക്കി മറ്റിയ മേക്കപ്പ് മാനും പ്രശംസ അര്‍ഹിക്കുന്നു. ഒളിംപിക് മത്സരങ്ങളും മറ്റും യഥാര്‍ഥ്യമെന്നോണം അവതരിപ്പിക്കാന്‍ Visual Effects-ന്റെ സാധ്യത വിദഗ്ദമായി ഉപയോഗിച്ചതും ചിത്രത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്.

മൂന്നര മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന സിനിമയായതും, നായികമാര്‍ക്ക് കാര്യമായ പ്രാധാന്യമില്ലാഞതും ഒരു പോരായ്മയായി തോന്നാമെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയിലിറങ്ങിയ മികച്ച Biopic  ആയി ഭാഗ് മില്ഖാ ഭാഗ് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലിടം നേടും എന്നത് തീര്‍ച്ചയുള്ള കാര്യമാണ്.




No comments

Theme images by Maliketh. Powered by Blogger.