David ( ഡേവിഡ്‌) : Movie Review

ഗ്രിഫിത്തിന്റെ Intolerance  എന്ന സിനിമയിലായിരുന്നു ലോകത്താദ്യമായി Inter cut എന്ന Editing trick ഉപയോഗപ്പെടുത്തിയത്. Climax -ലെ ചടുലതയ്ക്കും ഉദ്വേഗ ജനതയ്ക്കും ആക്കം കൂട്ടാനായി പ്രസ്തുത ചിത്രത്തിലുപയോഗിച്ച ഈ പ്രതിഭാസം പിന്നീട് ലോക വ്യാപകമായി സിനിമകളില്‍ ഉപയോഗിക്കാന്‍ തുടങ്ങി. Shaitan എന്ന ഹിന്ദി ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിച്ച ബിജോയ് നമ്പ്യാര്‍ തന്റെ പുതിയ ചിത്രമായ ഡേവിഡില്‍ Inter cut- ന്റെ അനത സാധ്യതയാണ് കഥ പറയാന്‍ തന്നെ ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയത്ത് (Time) വ്യത്യസ്ത ലൊക്കേഷനുകളില്‍ ( Space) നടക്കുന്ന കാര്യങ്ങള്‍ ഉദ്വേഗജനകമായൂം ചടുലമായും കാണിക്കാനാണ് ഇന്ത്യന്‍ സിനിമകളില്‍ Inter cut ഉപയോഗിച്ചതെങ്കില്‍ വ്യത്യസ്ത Time & Space -ല്‍ ജീവിക്കുന്ന ഡേവിഡ് എന്ന് പേരുള്ള രണ്ട് കഥാപാത്രങ്ങളുടെ സംഘര്‍ഷ ഭരിതവും പ്രണയ നിര്‍ഭരവുമായ ജീവിതത്തെ വരച്ച് കാട്ടാനാണ് ഇവിടെ Inter cut എഡിറ്റിംഗിന്റെ മികവ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 1999-ല്‍ ബോംബെയില്‍ ജീവിക്കുന്ന ജീവ അവതരിപ്പിക്കുന്ന ഡേവിഡിന്റെയും ഗോവയില്‍ ജീവിക്കുന്ന വിക്രമിന്റെ ഡേവിഡെന്ന കഥാപാത്രത്തിന്റെ 2010-ലെ ജീവിത വിശേഷങ്ങളും മാറി മാറി കാണിച്ച് രണ്ട് കഥാപാത്രങ്ങളുടെയും ജീവിതത്തെ താരതമ്യവും, താദാത്മ്യം ചെയ്യുകയുമാണ് സംവിധായകനിവിടെ. Treatment -ലുള്ള ഈ വൈവിധ്യം തന്നെയാണ് ഡേവിഡിന്റെ ഏറ്റവും വലിയ പ്രത്യേകത ( ബര്‍ഫി എന്ന ചിത്രത്തില്‍ ഈ ആഖ്യാന രീതി (Narration style) വിജയകരമായി  എന്നത് സംവിധായകനെ Inspire ചെയ്തിട്ടുണ്ടാകാനിടയുണ്ട്).  വളരെ ഒഴുക്കന്‍ മട്ടിലാണ് കഥാഗതി മുന്നോട്ട് പോകുന്നുവെങ്കിലും ഒരു വശത്ത് വളരെ ഗൗരവമേറിയ ഒരു വിഷയം തന്നെയാണ് ഡേവിഡിലൂടെ ചലച്ചിത്രകാരന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ക്ലൈമാക്സിലെ ഉദ്വേഗ ജനകമായ രംഗം സിനിമയുടെ തുടക്കത്തില്‍ തന്നെ കാണിച്ച് കാണികളെ ഒരു Hook point -ല്‍ നിര്‍ത്താനുള്ള സംവിധായകന്റെ ശ്രമം വിജയകരമായിരിക്കുന്നു.


ഒരു  Mass Hero പരിവേഷമില്ലാത്ത  കഥാപാത്രമാണ് വിക്രം അവതരിപ്പിക്കുന്ന ഡേവിഡ്. ഗോവയിലെ ബാറുകളിലും മസ്സാജ് പാര്‍ലറുകളിലും സമയം ചിലവഴിച്ച് കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു മത്സ്യ വ്യാപാരിയുടെ വേഷത്തിലെത്തുന്ന വിക്രമിന്റെ ഡേവിഡ് തന്റെ സുഹൃത്തിന്റെ കാമുകിയുമായി പ്രണയത്തിലാവുന്നതും അവളെ നേടിയെടുക്കാന്‍  കാണിക്കുന്ന  ചാപല്യങ്ങളുമാണ് ചലച്ചിത്രത്തിന്റെ ഗോവന്‍ ഭാഗങ്ങളില്‍ ദൃശ്യവത്കരിക്കുന്നത്. വൈദികന്റെ മകനും പ്രാരാബ്ദക്കാരനുമായ ഒരു Guitarist -ന്റെ വേഷത്തിലെത്തുന്ന ജീവ അവതരിപ്പിക്കുന്ന ഡേവിഡ് പക്ഷേ സിനിമയില്‍ ഗൗരവമേറിയ സംഘര്‍ഷങ്ങള്‍ നേരിടേണ്ടി വരുന്നു. രാഷ്ടീയ മുതലെടുപ്പിന് വേണ്ടി മത വികാരങ്ങളെ ഉപയോഗപ്പെടുത്തുന്ന ചീഞ്ഞ രാഷ്ട്രീയത്തിന്റെ ബലിയാടാകേണ്ടി വരുന്ന ജീവയുടെ ഡേവിഡാണ് പ്രേക്ഷകരുടെ മനസ്സില്‍ കയറിപ്പറ്റുന്നത് എന്നത് അതിശയോക്തിയുണ്ടാക്കുന്ന വസ്തുതയാണ്. സരളമായും നൈസര്‍ഗ്ഗികമായും വിക്രം തന്റെ ഡേവിഡിന് ജീവന്‍ നല്‍കിയെങ്കിലും ജീവ ജീവന്‍ നല്‍കിയ ഡേവിഡിന് കുറച്ചു കൂടി കരുത്തും കാമ്പുമുണ്ട്. പാത്ര സൃഷിടിയുടെ കാര്യത്തിലും വിദ്ഗ്ദമായി സീനുകളെ Plot ചെയ്ത കാര്യത്തിലും     ബിജോയ് നമ്പ്യാരെന്ന രചയിതാവിന്റെ മിടുക്ക് ചിത്രത്തില്‍ കാണാവുന്നതാണ്.  പലരംഗങ്ങളുടെയും തുടക്കത്തില്‍ അലസമായി വസ്തുതകള്‍  കാണിച്ച് കാണികള്‍ക്ക് guess ചെയ്യാനുള്ള അവസരം നല്‍കുകയും രംഗം അവസാനിക്കുമ്പോഴേക്കും ആ സീനിന്റെ യഥാര്‍ത്ഥ അര്‍ഥം പ്രേക്ഷകന് പൂര്‍ണ്ണമായും ബോധ്യപ്പെടും വിധമാണ് തിരക്കഥയിലെ പല സീനുകളും ചിട്ടപ്പെടുത്തിയത്.


ഗോവയുടെയും, ബോംബെയുടെയും ദൃശ്യങ്ങളിലെ Contrast-ഉം  ലൊക്കേഷനുകളുടെ മനോഹാരിതയും അഭ്രപാളികളിലാക്കിയ ഛായാഗ്രഹണം മികവുറ്റ്താണ്. എന്നാല്‍ Inter cut -ന്റെ സാധ്യതയെ ഉപയോഗപ്പെടുത്തി വ്യത്യസ്തമായ രീതിയില്‍ കഥ പറയാന്‍ ശ്രീകര്‍ പ്രസാധ് കാണിച്ച ചിത്രസംയോജനത്തിലെ വൈദഗ്ദ്യം ചിത്രത്തിലൂടനീളം നിറഞ്ഞ് നില്‍ക്കുന്നുണ്ട്. സംഘട്ടന രംഗങ്ങളെ സംഗീതമയമാക്കി എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ സംഘട്ടനങ്ങള്‍ക്ക് തീവ്രത കുറഞ്ഞെങ്കിലും നല്ലൊരു Visual appeal അതിനുണ്ടായിരുന്നു. ഊമയും ബധിരയുമായ നായികയുടെ റോളില്‍ ഇഷാ ശെര്‍വാനിയും, മസ്സാജ് പാര്‍ലര്‍ നടത്തിപ്പുകാരിയുടെ വേഷത്തില്‍ തബ്ബുവും അവരവരുടെ വേഷങ്ങള്‍ മികച്ചതാക്കി. മത പരിവര്‍ത്തനം നടത്തുന്ന വൈദികനെന്ന് മുദ്രകുത്തപ്പെട്ട ഫാദറിന്റെ വേഷം നാസര്‍ മികവുറ്റതാക്കി.
ഗോവയിലെ ഡേവിഡിന്റെ സംഘര്‍ഷങ്ങള്‍ക്ക് ( പ്രണയ നൈരാശ്യം) സംഗീതവും, ബോബെയിലെ ഡേവിഡിന്റെ സംഘര്‍ഷങ്ങള്‍ക്ക്            ( സംഘട്ടനങ്ങള്‍ക്ക് ) മഴയുടെ പശ്ചാത്തലവും നല്‍കി ഡേവിഡുമാരെ   ( അവരുടെ മനോവ്യാപാരങ്ങളെയും ) പ്രകൃതിയോടും സംഗീതത്തോടും ലയിപ്പിക്കുകയാണ് സംവിധായകന്‍ . രചനയിലെയും കഥ പറച്ചിലിലെയും വ്യത്യസ്തത കൊണ്ടും സാങ്കേതികതയെയും സംഗീതത്തെയും യഥാര്‍ത്ഥ അളവില്‍ ഉപയോഗപ്പെടുത്തിയും ബിജോയ് നമ്പ്യാര്‍ ’ഡേവിഡ് ’ ഒരു സംവിധായകന്റെ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന രീതിയില്‍ വാര്‍ത്തെടുത്തിരിക്കുകയാണ് ചെയ്തിരിക്കുന്നത്.





1 comment:

  1. Good One. The review gives much interesting facts of Film History & Film Technics.

    ReplyDelete

Theme images by Maliketh. Powered by Blogger.