CELLULOID: മലയാള സിനിമയുടെ ചരിത്രം ഒപ്പിയെടുത്ത കലാസൃഷ്ടി


ഇന്ത്യന്‍ സിനിമയുടെ ജൈത്രയാത്ര നൂറു വര്‍ഷം പിന്നിടുന്ന വേളയില്‍  സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ  മലയാള സിനിമയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുമ്പോള്‍  അനിര്‍വ്വചനീയമായ ഒരു നൊമ്പരം  സമ്മാനിച്ചുകൊണ്ടാണ് അത് സിനിമയെ സ്നേഹിക്കുന്ന ഏതൊരാളിന്റെയും ഹൃദയത്തില്‍ ചേക്കേറുന്നത്. മലയാള സിനിമ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിന്നു കൊണ്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മലയാള സിനിമയുടെ പിതാവിനും, മലയാള സിനിമയുടെ ആദ്യ നായികക്കും സംഭവിച്ച ദുരന്ത കഥയാണ്  Celluloid എന്ന കമല്‍ ചിത്രം കണ്ടിറങ്ങുന്ന ഏതോരു ചലച്ചിത്ര പ്രേമിയുടെയും മനസ്സില്‍ ഒരു നീറ്റലായി അവശേഷിക്കുന്നത്. J.C. ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ പുസ്തകത്തില്‍ നിന്നും ,വിനു എബ്രഹാമിന്റെ നഷ്ട നായിക എന്ന നോവലില്‍ നിന്നും മലയാള സിനിമയുടെ പിതാവിന്റെയും, ആദ്യ നായികയുടെയും ജീവിതത്തിന്റെ ഏടുകളില്‍ നിന്നും അടര്‍ത്തിയെടുത്ത ജീവിതാംശത്തിന് കമലും വിനു അബ്രഹാമും ചേര്‍ന്ന്  രചിച്ച്  കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലൂടെ മലയാള സിനിമയുടെ ചരിത്രത്തിലെ ദുരന്തകഥ( ജീവിതം) പറയുമ്പോള്‍  അത് സാംസ്കാരിക കേരളത്തിന്റെ തന്നെ ഭൂതകാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.



ചലച്ചിത്ര ആഖ്യാന രീതിയില്‍ നിരവധി പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന ഈ ന്യൂജനറേഷന്‍ കാലഘട്ടത്തില്‍ മലയാള സിനിമയുടെ ചരിത്രം പറയാന്‍ കമല്‍ എന്ന പ്രതിഭാധരനായ സംവിധായകന്‍ വളരെ ലളിതമായ ആഖ്യാന രീതി അവലംബിച്ചതും കച്ചവടച്ചേരുവകളുടെ കലര്‍പ്പില്ലാതെ ജീവചരിത്രം ദൃശ്യവത്കരിച്ചതും അദ്ദേഹം മലയാള സിനിമയുടെ ചരിത്രത്തോട് കാണിക്കുന്ന ആദരവിന്റെയും മലയാളസിനിമയോടുള്ള പ്രണയത്തിന്റെയും തെളിവായി വ്യാഖ്യാനിക്കാവുന്നതാണ്. കാലചക്രത്തിലൂടെ നീങ്ങുന്ന സിനിമയുടെ കഥാഖ്യാനത്തില്‍ മലയാള സിനിമയുടെ ദിശാമാറ്റത്തിന് സാക്ഷിയായ വര്‍ഷങ്ങളിലൂടെയാണ് സിനിമയിലെ Narration പുരോഗമിക്കുന്നത്. 1920-കളില്‍ തുടങ്ങുന്ന ഡാനിയേലിന്റെ ' സിനിമ ' എന്ന സ്വപ്നത്തില്‍ നിന്നും അത് സാക്ഷാല്‍കരിക്കാന്‍ അദ്ദേഹം നേരിടുന്ന സംഘര്‍ഷങ്ങളെയും  കാണിച്ച് മുന്നോട്ടു നീങ്ങുന്ന ചരിത്രയാത്രയില്‍ 1928-ല്‍ ആദ്യത്തെ മലയാള സിനിമയായ വിഗതകുമാരന്റെ Releasing, 1938-ല്‍ ആദ്യത്തെ മലയാള ശബ്ദ ചിത്രമിറങ്ങിയപ്പോഴുള്ള ചരിത്രവും 1966-ല്‍ ചെമ്മീനിലൂടെ മലയാള സിനിമക്ക് ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിച്ചപ്പോഴുള്ള മലയാളസിനിമയുടെ ഗതിവിന്യാസവും 2000-ല്‍ മലയാള സിനിമകളില്‍ അമാനുഷിക കഥാപാത്രങ്ങള്‍ താണ്ടവമാടിയ സൂപ്പര്‍ താരയുഗത്തിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്.
സിനിമ തുടങ്ങുന്നത് മലയാള സിനിമയുടെ പിതാവ് ഇന്ത്യന്‍ സിനിമയുടെ പിതാവിനെ കാണാന്‍ ബോബെയിലെത്തുന്ന രംഗത്തോടെയാണ് എന്ന വസ്തുത സൂചിപ്പിക്കുന്നത് തന്നെ നമുക്കൊരിക്കലും കാണാനാവാതിരുന്ന  ചരിത്ര ദൃശ്യങ്ങള്‍ സെല്ലുലോയ്ഡിലൂടെ ചലച്ചിത്രകാരന്‍ പ്രേക്ഷകര്‍ക്ക് കാണിച്ചു തരാന്‍ ആഗ്രഹിക്കുന്നു എന്ന് തന്നെയാണ്. സിനിമ എന്ന സ്വപ്നവുമായി നടക്കുന്ന പ്രിഥിരാജ് അവതരിപ്പിക്കുന്ന J.C. ഡാനിയലിന്റെ ജീവിതം കാണിച്ചു തുടങ്ങുന്ന Celluloid-ന്റെ ജീവിതാഖ്യാനത്തിന് വഴിത്തിരിവാകുന്നത് ആദ്യ നായികയായ റോസിയുടെ രംഗപ്രവേശത്തോടു കൂടിയാണ്.

കൃസ്തുമതത്തിലേക്ക് മാര്‍ക്കം കൂടിയ റോസമ്മ എന്ന പുള്ളുവ സ്ത്രി വിഗതകുമാരനിലെ നായികയായി എത്തുന്നതിലൂടെ അരങ്ങേറുന്ന നാടകീയ രംഗങ്ങളിലൂടെ പ്രാചീന കേരളത്തില്‍ നില നിന്നിരുന്ന അയിത്തം, തൊട്ടു കൂടായ്മ തുടങ്ങിയ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടാനും ചലച്ചിത്രകാരന്‍ മടിക്കുന്നുല്ല. മലയാള സിനിമയിലെ ആദ്യ നായികയായ  റോസിയായി മാറുന്ന കീഴ്ജാതിക്കാരിയായ യുവതിയെ അവതരിപ്പിച്ച നായികയായ  റോസിയായി മാറുന്ന കീഴ്ജാതിക്കാരിയായ യുവതിയെ അവതരിപ്പിച്ച ചാന്ദ്നി എന്ന പുതുമുഖ നായിക പ്രേക്ഷക മനസ്സില്‍ ഇടം നേടിയത് അവരുടെ നിഷ്കളങ്ക ഭാവങ്ങളും കറയറ്റ അഭിനയ ചാതുര്യം കൊണ്ട് തന്നെയാണ്. അത് കൊണ്ടാകാം നമ്മള്‍ വായിച്ചറിഞ്ഞ നഷ്ട നായികയെ വെള്ളിത്തിരയിലൂടെ കാണുമ്പോള്‍ അവരുടെ ദുരവസ്ഥ നമ്മെ ഒരു നൊമ്പരമായി വേട്ടയാടുന്നത്.
മലയാള സിനിമയുടെ യുവരാജാവായി പ്രകീര്‍ത്തിക്കപ്പെടുന്ന പ്രിഥിരാജ് കേവലമൊരു താരമല്ലെന്നും മികച്ച അഭിനേതാവ് കൂടിയാണെന്നും വാസ്തവം, ഇന്ത്യന്‍ റുപീ തുടങ്ങിയ ചിത്രങ്ങളിലൂടെ മുമ്പേ തെളിയിച്ചതാണ്. എന്നാല്‍ മലയാള സിനിമയുടെ പിതാവായി പ്രിഥ്വിരാജ് വേഷപ്രച്ഛന്നം ചെയ്യുമ്പോള്‍ ആ പൗരുഷം തുടിക്കുന്ന സൗന്ദര്യമാണോ, അതോ അദ്ദേഹത്തിന്റെ താരപ്പൊലിമയാണോ J.C ഡാനിയലിലേക്ക് പരകായ പ്രവേഷം ചെയ്യുന്നതില്‍ പ്രിഥ്വിരാജിനെ അപൂര്‍ണ്ണനാക്കുന്നത് എന്ന് സംശയിച്ച് പോവുക സ്വാഭാവികമാണ്. എന്നാല്‍ തിരുവിതാംകൂര്‍ ചുവയുള്ള സംഭാഷണങ്ങളിലൂടെയും അതിഭാവുകത്വമില്ലാത്ത ഭാവ പ്രകടനങ്ങളിലൂടെയും ഡാനിയേലിനോട് നീതി പുലര്‍ത്താന്‍ പ്രിഥിരാജിന് സാധിച്ചിട്ടിണ്ട് എന്നുള്ളത് വിസ്മരിച്ചുകൂട. പക്ഷേ രോഷാകുലനായ ചെരുപ്പക്കാരന്റെ Body language -ഉം സുന്ദര കാമുകന്റെ നിഷ്കളങ്ക ഭാവങ്ങളും ഒഴിവാക്കിയിരുന്നെങ്കില്‍ പട്ടണം റഷീദിന്റെ ചമയം സമ്മാനിച്ച കഥാപാത്രത്തിലേക്കുള്ള വേഷപ്പകര്‍ച്ചക്ക് മാറ്റ് കൂടുമായിരുന്നു.

സംവിധാനത്തിലെയും അഭിനയത്തിലെയും മികവിനോടൊപ്പം സെല്ലുലോയ്ഡിന്റെ അണിയറപ്രവര്‍ത്തനങ്ങളിലെ എല്ലാ മേഖലയിലും മിതത്വവും, മികവും ഒരു പോലെ മുഴച്ചു നില്‍ക്കുന്നുണ്ട് എന്നുള്ളതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അതില്‍ എടുത്തു പറയാവുന്നത് ചരിത്രത്തിന്റെ താളുകളിലൂടെ മലയാള സിനിമയുടെ കാല ചക്രം കറങ്ങുമ്പോള്‍ അതിനേറ്റവും അനുയോജ്യമായ പശ്ചാത്തലം സൃഷ്ടിച്ച  സുരേഷ്  കൊല്ലത്തിന്റെ  Art Direction ആണ്. രംഗ സജ്ജീകരണത്തോടും കഥാ പാത്രങ്ങളോടും താദത്മ്യം പുലര്‍ത്തുന്ന വസ്ത്രാലങ്കാരവും ചമയവും Celluloid -ന് കൂടുതല്‍ മികവേകി. മലയാള സിനിമയുടെ ചരിത്രം സെല്ലുലോയ്ഡിലൂടെ ഒപ്പിയെടുത്ത വേണുവിന്റെ ഛായാഗ്രഹണവും K.രാജഗോപാലിന്റെ ചിത്ര സംയോജനവും ചിത്രത്തിന് സാങ്കേതിക മികവ് വര്‍ദ്ധിപ്പിക്കുന്നതിന് മുതല്‍ക്കൂട്ടായി. 
M.ജയചന്ദ്രന്റെ ലളിതവും സുന്ദരവുമായ സംഗീതം ഗാനങ്ങള്‍ക്ക് പരിശുദ്ദമായ ഒരു ചാരുത നല്‍കിയിട്ടുണ്ട്. ഗ്രൂഹാതുരത്വം തുളുമ്പുന്ന കാറ്റേ.. കാറ്റേ എന്ന് തുടങ്ങുന്ന ഗാനം അതിലെ വരികളിലെ അര്‍ഥതലം കൊണ്ടും, ആലാപനത്തിലെ വ്യത്യസ്തത കൊണ്ടൂം മനസ്സില്‍ മായാതെ നില്‍ക്കുന്നവയാണ്. പ്രസ്തുത ഗാനത്തിലൂടെ കണ്ണിലെ ഇരുട്ടിനെ തോല്‍പിച്ച് ശബ്ദത്തിലൂടെ പ്രകാശം പരത്തിയ ഗായിക വൈക്കം വിജയലക്ഷ്മി അഭിനന്ദനമര്‍ഹിക്കുന്ന ആലാപന ചാരുതയാണ് സമ്മാനിച്ചത്. അളന്ന് തിട്ടപ്പെടുത്തിയാ രീതിയില്‍ ആവശ്യമുള്ളിടത്ത് മാത്രം ലാളിത്യവും മിതത്വവും നിലനിര്‍ത്തിക്കൊണ്ട് നല്‍കിയ പശ്ചാത്തല സംഗീതവും സെല്ലുലോഡിലെ ജീവനുറ്റ ദൃശ്യങ്ങള്‍ക്ക് കാവ്യാത്മക നല്‍കി.
ചലച്ചിത്രമെന്ന ഭാഷയെ കളങ്കമില്ലാത്ത ബിംഭങ്ങളിലൂടെയും പ്രതീകാത്മകമായ ദൃശ്യങ്ങളിലൂടെയും വ്യാഖ്യാനിക്കാന്‍ സംവിധായകന്‍ നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. മനുഷ്യന്‍ മതങ്ങളെ സ്രുഷ്ടിക്കുന്നു.. എന്ന് തുടങ്ങുന്ന വയലാറിന്റെ ഗാനത്തിലെ ഈരടി ഏറ്റവും അനുയോജ്യമായ സീനില്‍ തന്നെ കേള്‍പ്പിച്ച് രംഗത്തിന് പുതിയൊരു അര്‍ഥ തലം സൃഷ്ടിക്കാന്‍ ചലച്ചിത്രകാരന്‍ നടത്തിയ ശ്രമം ഇതിനൊരുദാഹരണമാണ്. കമല്‍ എന്ന സംവിധായകനില്‍ നിന്ന് ഇതിലും മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയുടെ ചരിത്രം ഒപ്പിയെടുത്ത സെല്ലുലോയ്ഡ് മലയാള സിനിമയെ സ്നേഹിക്കുന്ന ഏതൊരു പ്രേക്ഷകനും കമല്‍ സമ്മാനിച്ച ലാളിത്യവും മികവും ഒത്തു ചേര്‍ന്ന ഒരു കലാ സൃഷ്ടിയായി അംഗീകരിക്കപെടും എന്നുള്ളത് നിസ്സംശയം പറയാവുന്ന വസ്തുതയാണ്.

No comments

Theme images by Maliketh. Powered by Blogger.