സിനിമകള്‍ മദ്യപാനത്തെ ജനപ്രിയമാക്കുന്നുവോ?



മലയാള സിനിമയുടെ സൂപ്പര്‍ താരം കേരള എക്‌സൈസ് വകുപ്പുമായി സഹകരിച്ച് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രചാരണം നടത്താന്‍ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും “Say No To Drinks, Say No To Drugs”എന്ന് വികാര ഭരിതനായി കേരള ജനതയോട് പറയുന്ന സൂപ്പര്‍ താരത്തിന്റെ വാക്കുകള്‍ ആരും കേട്ട മട്ടില്ല എന്നാണ് തോന്നുന്നത്. മദ്യപാനികളുടെ സ്വന്തം നാടായ കേരളത്തില്‍ വില പോകാത്ത ഒരേ ഒരു ഉപദേശം ഇതു തന്നെയാണെന്നാണ് മനസ്സിലാക്കേണ്ടത്. സൂപ്പര്‍ താരത്തിന്റെ ചേലകളും ചേഷ്ടകളും അനുകരിക്കുന്ന, എന്തിന് അവസരം കിട്ടിയാല്‍ അദ്ദേഹത്തിന്റെ സിനിമകളിലെ തീപ്പൊരി ഡയലോഗുകള്‍ പോലും നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന മലയാളികളെ മദ്യപാനത്തിന്റെ പേരില്‍ ഉപദേശിച്ച് നേരെയാക്കാമെന്ന് വിചാരിച്ചാല്‍ അതൊരു പാഴ്ശ്രമമാണെന്ന് ഇപ്പോള്‍ അദ്ദേഹത്തിനും തോന്നിക്കാണും.
രാജ്യത്തെ ഏറ്റവും അധികം ‘കൂടിയന്മാരുള്ള’ നാടെന്ന ബഹുമതി കേരളത്തിന് നേടിക്കൊടുത്തതില്‍ കേരള ബിവറേജസ് കോര്‍പ്പറേഷനെപ്പോലെ തന്നെ മലയാള സിനിമക്കും അഭിമാനിക്കാം. മലയാളികള്‍ക്ക് മദ്യപാനം എന്ന ‘സാമൂഹ്യ’ പ്രവര്‍ത്തനത്തിന്റെ സ്‌റ്റൈലും, ത്രില്ലും അതിനു ശേഷമുണ്ടാകാറുള്ള തല്ലും, പീഢനവുമെല്ലാം മനോഹരമായി കാണിച്ചു കൊടുത്ത മലയാള സിനിമകള്‍ക്ക് കേരള ജനതയെ കുടിയന്മാരാക്കിയതില്‍ പങ്കില്ല എന്ന് പറയുന്നത് അര്‍ത്ഥ ശൂന്യമായ ഒരു പ്രസ്താവനയായിരിക്കും. കാരണം നാം കണ്ടിട്ടുള്ള ഭൂരിഭാഗം മലയാള സിനിമകളിലും മദ്യപാനം എന്ന കൂട്ടായ പ്രവര്‍ത്തനം വളരെയധികം ആകര്‍ഷകരമായ രീതിയില്‍ അവതരിപ്പിച്ചതായി കാണാം.
പലപ്പോഴും ഈ പറഞ്ഞ സിനിമകളില്‍ കഥക്കോ കഥാപാത്രങ്ങള്‍ക്കോ മദ്യപിക്കുന്നതായ രംഗങ്ങളുടെ ആവശ്യം പോലും ഇല്ലെന്നിരിക്കെ ‘സ്മാളടി’, ‘വെള്ളമടി’, ‘വീശല്‍’, ‘കഴിക്കല്‍’ എന്നീ ഓമനപ്പേരിട്ടു സിനിമകളിലൂടെ പ്രചാരം നേടിയ മദ്യപാനം എന്ന ‘ജനപ്രിയ’ ആചാരം തങ്ങളുടെ സിനിമകളില്‍ കുത്തി നിറക്കുന്‌പോള്‍ തിയേറ്ററുകളിലില്‍ നിന്നും കയ്യടി ലഭിക്കുമ്പോഴുണ്ടാകുന്ന ഒരു ‘കിക്ക്’ സിനിമാക്കാര്‍ ആസ്വദിക്കുന്നത് കൊണ്ട് തന്നെയാവാം വേണ്ടിടത്തും വേണ്ടാത്തിടത്തും ഒരു നിയന്ത്രണവുമില്ലാതെ ‘ കുടി രംഗങ്ങള്‍’ തുന്നിപ്പിടിപ്പിക്കുന്നത്. ചില മലയാള ചിത്രങ്ങള്‍ കണ്ടാല്‍ മദ്യപാനം പ്രോത്സാഹിപ്പിക്കാനുള്ള പരസ്യചിത്രമാണെന്ന് പോലും നമുക്ക് തോന്നിയെങ്കില്‍ മൂക്കത്ത് വിരല്‍ വച്ചിട്ട് കാര്യമൊന്നുമില്ല. കാരണം ജനതയുടെ എഴുപത് ശതമാനത്തിലധികവും മദ്യപാനികളായുള്ള കേരളത്തില്‍ മലയാളികളുടെ മനസ്സറിഞ്ഞ് സിനിമാക്കാര്‍ ചെയ്യുന്ന സംഭാവനയായി വേണം അതിനെ കാണാന്‍. അതു കൊണ്ട് തന്നെയാവും മദ്യപാനത്തിനെതിരെയുള്ള സന്ദേശം നല്‍കിയ ‘ ഒരു സ്മാള്‍ ഫാമിലി’ എന്ന സിനിമ തിയേറ്ററുകളില്‍ മൂക്കു കുത്തി വീണപ്പോള്‍ സംവിധായകന് ‘എണ്‍പത് ശതമാനവും കുടിയന്മാരായ മലയാളികള്‍ക്ക് വേണ്ടി ഇങ്ങനെ ഒരു സിനിമ നിര്‍മ്മിക്കേണ്ടിയിരുന്നില്ല’ എന്ന് സ്വയം പഴി പറയേണ്ടി വന്നത്.

ഈ അടുത്ത കാലത്തിറങ്ങിയ ഒരു ‘സാധാരണ’ ചിത്രത്തില്‍ ബസ് ഡ്രൈവര്‍ ആയ കഥാപാത്രം ‘റേഡിയേറ്ററില്‍ വെള്ളമൊഴിക്കാനെന്ന്’ പറഞ്ഞ് ഓരോ ട്രിപ്പിനു മുമ്പും മദ്യം കഴിക്കുന്നതായി ചിത്രീകരിച്ച് കുടിയന്മാരുടെ കയ്യടി നേടിയപ്പോള്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് കേരളത്തിലെ നിരത്തുകളിലൂടനീളം പ്രദര്‍ശിപ്പിക്കുന്ന ടാഫിക് വകുപ്പിനെ പരിഹസിക്കുകയായിരുന്നോ സംവിധായകന്റെ ലക്ഷ്യം എന്ന് സംശയിച്ച് പോകും. സിനിമയിലുടനീളം കുടിയനായ കഥാപാത്രത്തെ വച്ചും--മദ്യത്തിന് വേണ്ടി ദാഹിക്കുന്ന മറ്റ് കഥാപാത്രങ്ങളെ വച്ചും തകര്‍ത്താടിയ നര്‍മരംഗങ്ങള്‍ കണ്ട് പൊട്ടിച്ചിരിയോടൊപ്പം കയ്യടിയും പാസ്സാക്കിയ മലയാളികള്‍ തന്നെയാണ് സിനിമാക്കാര്‍ക്കും ഇതിന് പ്രചോദനം നല്‍കുന്നതെന്ന് പറയാതിരിക്കാനാവില്ല. മേല്‍പ്പറഞ്ഞ ചിത്രം ‘മദ്യപിച്ച് ഓവറായാല്‍ മാത്രമാണ് വണ്ടിയോടിക്കാന്‍ പാടില്ലാത്തത്’ എന്ന പുതിയൊരു സന്ദേശവും നല്‍കുന്നത് വിസ്മരിച്ചു കൂടാത്തതാണ്.
രാജവെമ്പാലയായും കരിമൂര്‍ഘനായും കുടിച്ച് കൂത്താടിയ നായക കഥാ പാത്രങ്ങളെ പോലെ തന്നെ മദ്യപാനത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് മറ്റെരു ചിത്രവും ഈയ്യിടെ ഇറങ്ങി. ഇടക്കിടെ കുടി നിര്‍ത്തുന്നതിനെക്കുറിച്ചും ‘ആരോഗ്യം നോക്കണ്ടെ’ എന്നും മറ്റും പറഞ്ഞതിനു ശേഷവും തകൃതിയായി ഇവര്‍ തന്നെ മദ്യം സേവിക്കുന്നത് കണ്ടപ്പോഴാണ് ഇത് യഥാര്‍ത്ഥത്തില്‍ ഒരു ‘കോമഡിപ്പടം’ തന്നെയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായത്. കുറ്റം പറയരുതല്ലോ.. ഈ സിനിമയില്‍ എറ്റവും ആകര്‍ഷകമായ ഒരു കാര്യവുമുണ്ട്. കോലാലംപൂരില്‍ നിന്നും വരുന്ന സൂപ്പര്‍ താരത്തിന്റെ അപര കഥാപാത്രം സ്‌റ്റൈലായി സിഗാര്‍ വലിച്ചു കയറ്റി മനോഹരമായി അന്തരീക്ഷത്തില്‍ പുകമറ സൃഷ്ടിക്കുമ്പോള്‍ ആ ദൃശ്യത്തിന് താഴെയായി ‘പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന് എഴുതി വെച്ച ചെറിയ അക്ഷരങ്ങള്‍ക്ക് സൂപ്പര്‍ താരത്തിന്റെ ചേഷ്ടകളേക്കാള്‍ ആകര്‍ഷണം തോന്നിയുട്ടെണ്ടെങ്കില്‍ അങ്ങനെ നിഷ്‌കര്‍ശിച്ച സെന്‍സര്‍ ബോര്‍ഡിനെ അഭിനന്ദിച്ചേ മതിയാകൂ. കൂടാതെ മദ്യപിക്കുന്ന രംഗങ്ങള്‍ക്ക് മുകളിലായും ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന് എഴുതിച്ചേര്‍ത്ത് കാണാന്‍ മദ്യപാനത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ബോധവാനായ ഏതൊരു പൗരനും ആഗ്രഹമുണ്ടാകുമെന്നതില്‍ അതിശയോക്തൊയുണ്ടാവില്ല. മദ്യം കുടുംബ ബന്ധത്തിനും സമ്പത്തിനും കൂടി വിനാശകരമാണെന്നു കൂടി ജനങ്ങള്‍ അതോടൊപ്പം കൂട്ടി വായിച്ചാല്‍ മതിയാകും.
പ്രമേയത്തിലും അവതരണത്തിലും പുതുമകള്‍ അവകാശപ്പെടുന്ന ന്യൂജനറേഷന്‍ സിനിമകളും മദ്യപാന രംഗങ്ങള്‍ കുത്തിനിറച്ച് മസാലമയം വരുത്തുന്ന കാര്യത്തില്‍ ഒട്ടും ‘ഉപ്പും കുരുമുളകും’ കുറച്ചിട്ടില്ല എന്ന് തന്നെ വേണം പറയാന്‍. ‘ന്യൂ ഇയര്‍ ആഘോഷിക്കാന്‍ എല്ലാ മലയാളിയെയും പോലെ ഞാനും ഒരു ഫുള്ളടിച്ച് വീട്ടില്‍ തന്നെയിരിക്കും’ എന്ന് നായക കഥാപാത്രത്തെക്കൊണ്ട് പറയിപ്പിച്ച് ന്യൂഇയര്‍ ആഘോഷം എന്നാല്‍ മലയാളിക്ക് വെള്ളമടി ആണെന്ന് പറഞ്ഞ് മദ്യപാനത്തെ ജനകീയ വത്കരിക്കുന്നത് പോരാഞ്ഞിട്ട് സ്തീകള്‍ കൂട്ടമായിരുന്ന് മദ്യപിക്കുന്ന രംഗം ‘ഇതൊക്കെ സര്‍വ്വ സാധാരണം’ എന്ന മട്ടില്‍ ചിത്രീകരിച്ചപ്പോഴേ ഉപ്പും മുളകും വേണ്ടുവോളം ആയെന്ന് സംവിധായകന് തോന്നിയിട്ടുണ്ടാവുള്ളൂ. പീഢനത്തിന് വിധേയമാകുന്ന ഫീമെയിലിനെ കുറിച്ച് ചങ്കുറപ്പോടെ പരാമര്‍ശിച്ച ചിത്രത്തില്‍ പുരുഷനോടൊപ്പം തകൃതിയായി (പുരുഷനെക്കാള്‍ കൂടുതല്‍) മദ്യപിക്കുന്ന നായിക ‘രണ്ടായിരത്തി പന്ത്രണ്ടില്‍ ശരിക്കും ലോകമവസാനിക്കുമോ’ എന്ന് ചോദിക്കുമ്പോള്‍ ‘എന്തിനാ അതിനു മുമ്പ് ഭൂലോകത്തുള്ള സകല മദ്യവും കുടിച്ചു കാലിയാക്കാനാണോ? എന്ന് ആരെങ്കിലും മറുപടി പറഞ്ഞു പോയാല്‍ കുറ്റം പറയാനാവില്ല.
ദേവാസുരനായും, രാവണപ്രഭുവായും, ആറാം തന്പുരാനായും മലയാളത്തിന്റെ സൂപ്പര്‍ താരത്തെക്കൊണ്ട് മദ്യം സേവിക്കുന്നതിന്റെ മനോഹാരിതയെപ്പറ്റി കാണിച്ചു തന്ന ‘അവസാനത്തെ ഐസ് ക്യൂബ് ആ ഗഌസില്‍ വീഴുന്നതിന് മുമ്പ് …’ എന്നു തുടങ്ങുന്ന ഡയലോഗുകള്‍ ഓരോ കുടിയനെക്കൊണ്ടും പറയിപ്പിച്ച തിരക്കഥാകൃത്ത് ഇപ്പോള്‍ മദ്യപാനത്തിനെതിരെ ഒരു സിനിമയുണ്ടാക്കുന്നു എന്നതാണ് ഏറ്റവും ആഹഌദകരമായ കാര്യം. സൂപ്പര്‍ താരത്തിന്റെ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളുടെ ദു:ശ്ശീലങ്ങളും അര്‍ത്ഥം വച്ചുള്ള സംഭാഷണങ്ങളും അനുകരിച്ച ആരാധകര്‍ സൂപ്പര്‍ സംവിധായകന്റെ ‘ലഹരി’ വിരുദ്ധ ചിത്രത്തിലൂടെ മദ്യപാനത്തിനെതിരെ സന്ദേശം നല്കുമ്പോള്‍ അതുള്‍ക്കൊള്ളാനും അതില്‍ നിന്ന് അവബോധം കൊണ്ട് മദ്യപാനം ഒരു പരിധി വരെ നിയന്ത്രിച്ച് തങ്ങളാണ് യഥാര്‍ത്ഥ താരാരധകര്‍ എന്ന് കാണിച്ചു കൊടുക്കാനും ബാധ്യസ്ഥരാണ്.
മലയാളികള്‍ നെഞ്ചിലേറ്റി ആരാധിക്കുന്ന മലയാള സിനിമയുടെ പ്രിയങ്കരരായ സൂപ്പര്‍ താരങ്ങള്‍ മദ്യപാനത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും മദ്യപാനത്തിനെതിരെ സിനിമയിലൂടെ സന്ദേശം നല്‍കുകയും ചെയ്യുമ്പോള്‍ മലയാള സിനിമകള്‍ വെറും ഒരു വിനോദോപാധി മാത്രമല്ലെന്നും ജനങ്ങളെ നന്മയുടെയും നേരിന്റെയും ആരോഗ്യത്തിന്റെയും വഴിയിലേക്ക് നയിക്കാനുള്ള ശക്തി സിനിമകള്‍ക്കുണ്ട് എന്ന് കാണിച്ചു കൊടുക്കാനാവുമെന്ന് മലയാള സിനിമയെയും കേരള നാടിനെയും സ്‌നേഹിക്കുന്ന ഏതൊരു മലയാളിക്കും പ്രത്യാശിക്കാം.


No comments

Theme images by Maliketh. Powered by Blogger.