കൃഷ് -3 (Krish-3) : ഇന്ത്യന്‍ മസാലയില്‍ മുങ്ങിക്കുളിച്ച Hollywood super hero !

അമാനുഷിക കഥാപാത്രങ്ങള്‍ ഹോളീവുഡ് സിനിമകളില്‍ അതിസാഹസികമായ പ്രകടനങ്ങള്‍ കാണിക്കുമ്പോള്‍ അവരെ നെഞ്ചിലേറ്റി ആരാധിക്കുന്ന ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ആശ്വാസത്തിനു വക നല്‍കുന്ന ഒരു സൂപ്പര്‍ മാന്‍ കഥാപാത്രമാണ് ക്രിഷ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍  ഇംഗ്ളീഷിലുള്ള സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളിലെ കഥയിലെയോ കഥാപാത്രങ്ങളുടെയോ യുക്തിക്ക് നിരക്കാത്ത ഘടകങ്ങളെ ചോദ്യം ചെയ്യാന്‍ മെനക്കെടാതെ അവയെ കണ്ണടച്ചു വിശ്വസിക്കുന്ന അതേ പ്രേക്ഷകര്‍ തന്നെ ഒരു ഇന്ത്യന്‍ ഭാഷയില്‍ സയന്‍സ് ഫിക്ഷന്‍ എന്ന ലേബലില്‍ വരുന്ന സിനിമയാണെങ്കില്‍ പോലും തിരക്കഥയിലെ ലോജിക്കിന് നിരക്കാത്ത കാര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ വൈമനസ്യം കാണിക്കുന്നവരാണ് എന്നതാണ് യാഥാര്‍ഥ്യം. അത് കൊണ്ട് തന്നെയാണ് വിശ്വല്‍ ഇഫക്ട്സിന്റെ അതിപ്രസരത്തോടെ ഇറങ്ങിയ ഒട്ടേറെ സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളെ ഇന്ത്യന്‍ പ്രേക്ഷകര്‍ കാര്യമായി ഗൗനിക്കാതിരുന്നത്. എന്നാല്‍ ഭാരതീയ സംസ്കാരത്തെ സ്പര്‍ശിക്കുന്നതും, പുരാണഗ്രന്ഥങ്ങളിലെ കഥാ തന്തുവിനെ അദൃശ്യമായി ഉള്‍പ്പെടുത്തിയും നിര്‍മ്മിച്ചെടുത്ത ക്രിഷ്-3 യില്‍ ഇന്ത്യന്‍ സിനിമകളിലൂണ്ടാവേണ്ട സ്ഥിരം മസാലച്ചെരുവകളും,ആവശ്യത്തിന് സെന്റിമെന്റ്സും ചേര്‍ത്തപ്പോള്‍ ഏതൊരു പ്രേക്ഷകനും കഥയിലെ യുക്തിയെ ചോദ്യം ചെയ്യാതെ തന്നെ ഇന്ത്യന്‍ സൂപ്പര്‍മാനായി അവതരിപ്പിച്ച ക്രിഷിനെ ഇഷ്ടപ്പെട്ടു പോകുമെന്നുള്ളതാണ് വാസ്തവം.

ഓള്‍ഡ് ജെനെറേഷന്‍ സംവിധായകനായ രാകേഷ് റോഷന്‍ ' കോയി മില്ഗയ' എന്ന കൃഷ് സിരിസിന്റെ ആദ്യചിത്രം  നിര്‍മ്മിക്കുന്നതിനു മുമ്പായി വിദേശത്ത് പോയി വിശ്വല്‍ ഇഫക്ട്സും അതിന്റെ സാധ്യതതകളെക്കുറിച്ചും സമഗ്രമായി പഠിച്ചിരുന്നു എന്ന വസ്തുതയെ ആരും അംഗീകരിച്ചു പോകുന്ന രീതിയിലായിരുന്നു കോയി മില്‍ഗയ എന്ന ചിത്രത്തില്‍ Vfx ഉപയോഗിച്ചിരുന്നത്. പിന്നീട് ക്രിഷ്-2 വന്നപ്പോള്‍ അതില്‍ വിദേശത്തു നിന്നും വരുത്തിയ ആക്ഷന്‍ ഡയറക്ടറുടെ സഹായത്തോടെ  ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ച് ഏവരെയും അതിശയിപ്പിച്ചു. എന്നാല്‍ ഉദ്വേഗജനകവും ചടുലവുമായ ആക്ഷന്‍ രംഗങ്ങളൂം, യാഥാര്‍ഥ്യമെന്ന് തോന്നുന്ന രീതിയില്‍ അതിവിദഗ്ദമായി രൂപകല്‍പന ചെയ്ത വിഷ്വല്‍ ഇഫക്ട്സ് സമ്മാനിച്ച ദൃശ്യ വിസ്മയങ്ങളുമാണ് ക്രിഷ്-3 യുടെ ഏറ്റവും വലിയ ആകര്‍ഷണം. നീണ്ട നാലു വര്‍ഷത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫലം ചിത്രത്തിന്റെ സാങ്കേതിക മികവില്‍ തെളിഞ്ഞു കാണുന്നുണ്ട്.


അമിതാഭ് ബച്ചന്റെ ശബ്ദത്തില്‍ ക്രിഷ് സീരിസിന്റെ കഥാ വിവരണത്തില്‍ തുടങ്ങുന്ന ചിത്രം മുന്‍ ചിത്രങ്ങളിലെ മുഖ്യ കഥാപാത്രങ്ങള്‍ നേരിടേണ്ടിവരുന്ന പുതിയ ചില പ്രശ്നങ്ങളുണ്ടാക്കുന്ന സങ്കീര്‍ണ്ണമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. അതി ബുദ്ധിമാനായ രോഹിതും (വൃദ്ധനായ ഹൃത്വിക്), അതി സാഹസികനായ ക്രിഷ്ണയും ( ഹൃത്വിക്) അവന്റെ ഭാര്യ പ്രിയയും ( പ്രിയങ്ക ) അടങ്ങുന്ന സന്തുഷ്ട കുടുംബത്തിലേക്ക് ഒരു കുഞ്ഞ് കൂടി വരുന്നുവെന്ന ആഹ്ളാദത്തിലിരിക്കെയാണ് വൈറസ് അവരുടെ ജീവിതത്തില്‍ വില്ലനായി എത്തുന്നത്. ഞൊടിയിടയില്‍ ആയിരങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്ന വൈറസ് നിര്‍മ്മിച്ചെടുത്ത കാല്‍ ( വിവേക് ഒബ്റോയ്)  എന്ന വില്ലനും അയാള്‍ സ്രൂഷ്ടിച്ചെടുത്ത  കായ ( കംഗന ) ഉള്‍പ്പെടെയുള്ള മാന്‍വര്‍ ( മനുഷ്യമൃഗം) സംഘത്തെയുമാണ് ക്രിഷിനും കുടുംബത്തിനും നേരിടേണ്ടി വരുന്നത്. തിന്മയുടെ മുകളില്‍ നന്മക്ക് തന്നെയാണ് അന്തിമ വിജയം എന്ന വസ്തുതയെ അന്വര്‍ഥമാക്കുന്ന രീതിയില്‍ പരത്തിപ്പറഞ്ഞ കൃഷിന്റെ കഥയില്‍ യുക്തിക്ക് നിരക്കാത്ത ഒരു പിടി കാര്യങ്ങളുണ്ട് എന്നുള്ളത് പറയാതിരിക്കാനാവില്ല. കൂടാതെ ക്രിഷ് എന്ന കഥാപാത്രത്തെ ഒരു ഇന്ത്യന്‍ സൂപ്പര്‍മാനായി മുദ്രകുത്തുന്നതിന് വേണ്ടിയൂം ക്രിഷിന്റെ പേരിലുള്ള Game-കളുടെയും Gadgets -കളുടെയും പ്രചാരണത്തിനുമായി നടത്തിയ കച്ചവട തന്ത്രങ്ങള്‍ തിരക്കഥയില്‍ വ്യക്തമായി നിഴലിക്കുന്നുണ്ട്. ക്രിഷ് എന്ന അതിമാനുഷിക കഥാപാത്രത്തെ ജനങ്ങള്‍ ദൈവത്തെപ്പൊലെ  കണ്ട് പൂജിക്കട്ടെ  എന്നു കരുതിയാണോ ക്രിഷിന്റെ കൂറ്റന്‍ പ്രതിമ തന്നെ ചിത്രത്തില്‍ സ്ഥാപിച്ചത് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാവില്ല. കഥാപാത്രങ്ങള്‍ക്ക് ആത്മാവുള്ളതായി ചിത്രീകരിക്കാന്‍ കാണിച്ച ബദ്ദപ്പാടില്‍ കഥയ്ക്കും ആത്മാവുണ്ടാക്കാന്‍ രചയിതാവു കൂടിയായ സംവിധായകന്‍ ശ്രമിച്ചിരുന്നെങ്കില്‍ ചിത്രം കൂടുതല്‍ വിശ്വസനീയമായേനെ.

ടൈറ്റില്‍ കഥാപാത്രമായ ക്രിഷിനെയും അച്ചന്‍ കഥാപാത്രമായ രോഹിതിനെയും അവതരിപ്പിച്ച ഹ്രിത്വിക് തന്റെ രണ്ട് കഥാപാത്രത്തോടും നീതി പുലര്‍ത്തി. അതിസാഹസികനായ ക്രിഷിനെ മികച്ചതാക്കാന്‍ ശരീരഘടനയും ശരീര ഭാഷയൂം വിദഗ്ദമായി ഉപയോഗിച്ചപ്പോള്‍ വൃദ്ദ കഥാപാത്രത്തെ ആര്‍ക്കും പ്രിയങ്കരനാക്കി മാറ്റാന്‍ ഹൃത്വിക്ക് എന്ന നടന്റെ ഭാവാഭിനയവും വോയ്സ് മോടുലേഷനും തുണയായി. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയങ്കയുടെ പ്രകടനത്തേക്കാള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് വില്ലത്തിയായി വന്ന കംഗണയുടെ പ്രകടനമാണ്. കായ എന്ന വില്ലത്തിയുടെ വ്യക്തിത്വത്തിലേക്ക് പരകായപ്രവേശം ചെയ്യാനായതും കഥാപാത്രത്തിന്റെ വേശ ഭൂഷാദികളിലെ പ്രത്യേകതയൂം കംഗനയെ ഇതിന് സഹായിച്ചു എന്നു പറയാം. ഏറ്റവും ശ്രദ്ദിക്കപ്പെടേണ്ടിയിരുന്ന കഥാപാത്രമായ കാല്‍ എന്ന വില്ലനെ മികച്ചതാക്കാന്‍ വിവേക് ഒബ്റോയിക്കായില്ല എന്നത് ഖേദകരമാണ്. തന്റെ ഘനഗംഭീരമായ ശബ്ദം അദ്ദേഹത്തിനു തുണയായെങ്കിലൂം കഥാപാത്രത്തിനാവശ്യമായ രൂപഭാവങ്ങള്‍ ഈ നടന് വെള്ളിത്തിരയിലേക്ക് ആവാഹിക്കാനായില്ല എന്നു തന്നെ പറയാം.

ക്രിഷ് സീരിസിന്റെ മറ്റൊരാകര്‍ഷണമായിരുന്ന  സംഗീത സംവിധാനത്തിലെ മാന്ത്രികത ക്രിഷ്-3 യില്‍  ആവര്‍ത്തിക്കാനാവാത്തത് ഒരു അപര്യാപ്തത തന്നെയാണ്. അത് പോലെ മികച്ച നര്‍ത്തകന്‍ കൂടിയായ ഹൃത്വിക്കിനെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ കൊറിയോഗ്രാഫര്‍ക്കായില്ല എന്നതും ഖേദകരമാണ്. എങ്കിലൂം പ്രായബേദമന്യെ ഏവരെയൂം ത്രൂപ്തിപ്പെടുത്താനാവുന്ന ഘടകങ്ങള്‍ ചിത്രത്തിലുള്ളതും, ചിത്രത്തിന്റെ സാങ്കേതിക മികവും ചില അഭിനേതാക്കളുടെ മികച്ച പ്രകടനവൂം ചിത്രത്തെ പ്രേക്ഷകപ്രിയങ്കരമാക്കും എന്നു തന്നെ പറയാം.

No comments

Theme images by Maliketh. Powered by Blogger.