ഇമ്മാനുവല്‍ Movie Review : നന്മ നിറഞ്ഞവന്‍ ഇമ്മാനുവല്‍

മാറിവരുന്ന ജീവിത രീതിക്കനുസരിച്ച് മനുഷ്യവ്യക്തിത്വങ്ങളിലും വ്യതിയാനം സംഭവിച്ചതിനാലാകാം  ഇടക്കാലത്ത് സിനിമയിലെയും നായക സങ്കല്‍പ്പങ്ങള്‍ക്ക് ഒരു ഇരുണ്ടവയക്തിത്വം കടന്നു കൂടിയത്. ന്യൂജനറേഷന്‍  സിനിമകളിലെ ബഹു ഭൂരിഭാഗം നായകന്മാര്‍ക്കും Grey shaded പരിവേഷം  നല്‍കി മലയാള സിനിമയില്‍ നന്മയുടെ പ്രതിരൂപമായ നായകന്മാര്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ്  "നന്മ നിറഞ്ഞ" ഇമ്മാനുവലുമായി ലാല്‍ ജോസ് വരുന്നത്. ഈയ്യിടെ നമ്മെ വിട്ടു പിരിഞ്ഞ സുകുമാരിയമ്മയുടെ ഈ ചിത്രത്തിലവതരിപ്പിച്ച കദീശുമ്മ ഇമ്മാനുവലിനെപ്പറ്റി പറയുന്നതു പോലെ " പടച്ചോന്റെ നന്മയുള്ള മനുഷ്യനാണ്" മമ്മൂട്ടി അവതരിപ്പിക്കുന്ന ഇമ്മാനുവല്‍ എന്ന കഥാപാത്രം. ഒരു പക്ഷേ ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ( കഥാപാത്രത്തിലൂടെയും) ചലച്ചിത്രകാരന്‍ സംവേധിക്കാനാഗ്രഹിച്ചതൂം "പടച്ചോന്റെ നന്മയുള്ള മനുഷ്യന്‍  അഥവാ ദൈവത്തിന്റെ നനമ പ്രചരിപ്പിക്കുന്ന (ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുന്ന) മനുഷ്യര്‍ " എന്ന സങ്കല്പം തന്നെയായിരിക്കാം.
 മനുഷ്യന്റെ അത്യാഗ്രഹവും ദൂര്‍ത്തും അവന് എന്തെല്ലാം നഷ്ടപ്പെടുത്തുമെന്നും, അവനെ  ഏതെല്ലാം പ്രതിസന്ധികളിലെത്തിക്കുമെന്നും  Diamond necklace എന്ന ചിത്രത്തിലൂടെ കാണിച്ചു തന്ന ലാല്‍ ജോസ് ഇമ്മാനുവലിലൂടെയും നന്മയുടെ സന്ദേശം തന്നെയാണ് പറയുന്നത്. മനസ്സില്‍ നന്മ സൂക്ഷിക്കുന്നവരെ ദൈവം ഒരിക്കലും കൈവിടില്ല എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ സംവിധായകന്‍ ഇവിടെ ഇമ്മാനുവല്‍ എന്ന പച്ചയായ മനുഷ്യന്റെ യാഥാര്‍ഥ്യം തുളുമ്പ്ന്ന ജീവിത മുഹൂര്‍ത്തങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.                            
മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തെ ഈ ചിത്രത്തില്‍ പ്രേക്ഷകന് കാണാനാവില്ല എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷത. ഇമ്മാനുവല്‍ എന്ന നന്മയുടെ ആള്‍രൂപമായ സാധാരണക്കാരനായ ഒരു മലയാളിയെയാണ് നമുക്ക് ഈ ചിത്രത്തിലൂടെ കാണാനാവുക. വര്‍ഷങ്ങളോളമായി പണിയെടുത്തിരുന്ന പ്രസ്സ് അടച്ച് പൂട്ടി ഉടമ മുങ്ങിയപ്പോള്‍ ഭാര്യയും ഒരു കുട്ടിയുമടങ്ങുന്ന ഇമ്മാനുവലിന്റെ കുടുംബം പ്രതിസന്ധിയിലായപ്പോഴാണ് ദൈവദൂത് പോലെ പ്രസ്സുടമയുടെ കത്ത് വരുന്നത്. അതില്‍ പറയുന്ന സുഹൃത്തിലൂടെ സിഗ്മ എന്ന Insurance company- ല്‍  ജോലി ലഭിക്കുന്നതോടെയാണ് ഇമ്മാനുവലിന്റെ ജീവിതം പുതിയ ഒരു വഴിത്തിരിവിലേക്ക് നീങ്ങുന്നത്.
Interview വേളയില്‍ തന്നെ തുടങ്ങുന്ന ഇമ്മാനുവലും company manager ജീവനും ( ഫഹദ് ഫാസില്‍ ) തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇമ്മാനുവലിന്റെ ഔദ്യോഗിക ജീവിതത്തെ ( അതുവഴി കുടുംബ ജീവിതത്തെയും) സംഘര്‍ഷഭരിതമാക്കുന്നതാണ് ചിത്രത്തിന്റെ ആദ്യlപകുതിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇന്‍ഷൂറന്‍സ് കമ്പനിയുടെ തട്ടിപ്പും Corporate മേഖലയിലെ ചൂഷണങ്ങളും പച്ചയായി കാണിക്കുന്ന ഈ സിനിമയില്‍ ഇന്‍ഷൂറന്സിനര്‍ഹരായ ഉപഭോഗ്ക്താക്കളൊട് പോലും ഇന്‍ഷൂറന്‍സ് കമ്പ നികള്‍ കാണിക്കുന്ന മനുഷ്യത്വരഹിതമായ corporate നയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ അനീതിക്കെതിരെ നന്മകൊണ്ട് തന്നെ പോരാടി ഇമ്മാനുവല്‍ വിജയം നേടുന്നിടത്താണ് സിനിമയുടെ രണ്ടാം പകുതി അവസാനിക്കുന്നത്. അത് കൊണ്ട് തന്നെയായിരിക്കും ഇമ്മാണുവലിന്റെ നനമ തിരിച്ചറിഞ്ഞ് അദ്ദേഹത്തോട് ( മമ്മൂട്ടിയോട്) ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ജീവന്‍ എന്ന കഥാപാത്രം You are My hero എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിച്ച് പോകുന്നത്.
യുവതാരനിരയില്‍ ഒന്നാമനായിക്കൊണ്ടിരിക്കുന്ന ഫഹദ് ഫാസിലിന് ഈ ചിത്രത്തില്‍ grey shaded കഥാപാത്രമാണെങ്കില്‍ക്കൂടിയും അത് വളരെ മികച്ചതാക്കിയിരിക്കുന്നു എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്.മമ്മൂട്ടി എന്ന അഭിനയ പ്രതിഭയോടൊത്തുള്ള രംഗങ്ങളില്‍ പോലും ഈ യുവ താരത്തിന്റെ അഭിനയ സിദ്ദി ജ്വലിച്ചു നില്‍ക്കുന്നു എന്നുള്ളത് ജീവന്‍ എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കോണ്ട് ഏറ്റവും മികച്ച രീതിയിലാണ് അതിന്  ഫഹദ്‌ ജീവന്‍ നല്‍കിയിരിക്കുന്നത് എന്നത് വ്യക്തമാണ്. വളരെ ലളിതവും നൈസര്‍ഗ്ഗികവുമായ അഭിനയം കാഴ്ചവച്ച് കൊണ്ട് ഇമ്മാനുവലിനെ പ്രേക്ഷകപ്രിയങ്കരനാക്കി മാറ്റിയതില്‍ മമ്മൂട്ടി എന്ന അഭിനയ് സാമ്രാട്ടിന്റെ പ്രതിഭ എടുത്തു പറയാതെ തന്നെ തെളിഞ്ഞ് കാണുന്നുണ്ട്
ഇമ്മാനുവലില്‍. നമ്മെ വിട്ടു പിരിഞ്ഞ സുകുമാരിയമ്മയുടെ കദീശുമ്മ എന്ന കഥാപാത്രം വളരെ കുറഞ്ഞ രംഗങ്ങളില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചു എന്നുള്ളത് ആ തികഞ്ഞ കലാകാരിയുടെ അഭിനയ വൈദഗ്ദ്യത്തിന്റെ മഹത്വം കൊണ്ട് തന്നെയാണ്. മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച റീനുവും,  കാന്‍സര്‍ രോഗിയായി അഭിനയിച്ച മുക്തയുടെ കഥാപാത്രവും പ്രേക്ഷക മനസ്സില്‍ ഇടം നേടിയതും ഈ നടിമാരുടെ മികച്ച പ്രകടനം കൊണ്ട് തന്നെയാണ്. നെടുമുടി വേണു, സലിം കുമാര്‍ , മുകേഷ് തുടങ്ങിയവര്‍ക്ക് അപ്രധാന കഥാപാത്രങ്ങളാണ് ലഭിച്ചത് എന്നുള്ളത് ഖേദകരമായിപ്പോയി.


അയാളും ഞാനും തമ്മിലും എന്ന ചിത്രത്തിലൂടെ വ്യത്യസ്തമായ ആഖ്യാന രീതിയിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച ലാല്‍ജോസ് ഇമ്മാനുവലിന് ഒരു linear treatment ആണ് നല്‍കിയിരിക്കുന്നത്. കഥയുടെ സ്വാഭാവികത കൊണ്ടും കഥാപാത്രങ്ങളുടെ യാഥാര്‍ഥ്യം കൊണ്ടും ഇമ്മാനുവലിന്  ലളിതമായ അവതരണ രീതി അവലംബിച്ചത് കൊണ്ട് തന്നെ ചിത്രം പച്ചയായ ജീവിതത്തിന്റെ വിശ്വാസനീയമായ ആവിഷ്കാരമായാണ് പ്രേക്ഷകന് തോന്നുന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രധാന കഥാ സന്ദര്‍ഭങ്ങളെല്ലാം Sigma company-യുടെ office-ല്‍ വെച്ചും ഇമ്മാനുവലിന്റെ വീട്ടിനുള്ളില്‍ വെച്ചും ചിത്രീകരിച്ചത് കൊണ്ട് തന്നെ ഈ സിനിമക്ക് ദൃശ്യപരമായി ഒരു TV സീരിയല്‍ ഭാവം കൈവന്നിരിക്കുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല. ചിത്രത്തിലെ സംഭാഷണങ്ങള്‍ കഥക്കും കഥാപാത്രത്തിനും സന്ദര്‍ഭത്തിനും അനുയോജ്യമാണെങ്കിലും sentiments -ന്റെ ചുവ കടന്നു കൂടിയത് new generation പ്രേക്ഷകര്‍ക്കെങ്കിലും അരോജകത്വമുണ്ടാക്കിയിരിക്കണം.
സാങ്കേതികമായി ഉന്നത നിലവാരം പുലര്‍ത്തുന്നില്ലെങ്കിലും Cinematography -യും Editing ഉം മോശമായിട്ടില്ല. ഗാനങ്ങള്‍ ലളിതമാണെങ്കിലും സുന്ദരമായി എന്ന് തോന്നുന്നില്ല. പശ്ചാത്തല സംഗീതം ചിത്രത്തിന്റെ കഥാ സന്ദര്‍ഭങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി എന്നു പറയാം.
 മസാലച്ചേരുവകള്‍ കുത്തി നിറച്ച കേവല വിനോദ പടങ്ങളിഷ്ടപ്പെടുന്നവര്‍ക്കും, അശ്ളീലപ്രയോഗങ്ങളും കുത്തഴിഞ്ഞ ജീവിതവും മലയാളം പൂശി അവതരിപ്പിക്കുന്ന new generation സിനിമകളും മാത്രം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ഇമ്മാനുവല്‍ ഒരു സാധാരണ ചിത്രമാണെന്ന് തോന്നിയാലും, നഗ്നമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ സ്വാഭാവികത തുളുമ്പുന്ന  രീതിയില്‍ അവതരിപ്പിക്കുന്ന നനമയുടെ സന്ദേശമുള്ള ഇമ്മാനുവല്‍ കുടുംബ പ്രേക്ഷകര്‍ക്ക്  പ്രിയങ്കരമായ ഒരു നല്ല ചിത്രമാണ്  എന്ന്  നിസ്സംശയം പറയാം .






1 comment:

Theme images by Maliketh. Powered by Blogger.