കളിമണ്ണ്: മാധ്യമങ്ങളെ വില്ലന്മാരാക്കുമ്പോള്‍ ...

നായികയുടെ യഥാര്‍ഥ പ്രസവം സിനിമക്ക് വേണ്ടി ചിത്രീകരിച്ചതിന്റെ പേരില്‍ ഏറെ വിവാദം സൃഷ്ടിച്ച കളിമണ്ണ് എന്ന ചിത്രം ഒരു സ്ത്രീപക്ഷ ചിത്രമെന്ന കാര്യത്തില്‍ സിനിമ കണ്ട ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ സ്ത്രീയെ സമ്പുര്‍ണ്ണയാക്കുന്ന മാതൃത്വം എന്ന അവസ്ഥയെ മഹത്വവത്കരിക്കാന്‍ വേണ്ടി ഭാരതീയ പൈതൃകത്തെയും , സദാചാര ബോധത്തെയും പറ്റി സംസാരിക്കുന്നവരെയും ചില മാധ്യമങ്ങളെയും വളഞ്ഞ വഴിയിലൂടെ വില്ലന്മാരേക്കേണ്ടിയിരുന്ന ആവശ്യം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഒരു പക്ഷേ പ്രേക്ഷകന് തര്‍ക്കമുണ്ടായേക്കാം. പ്രസവരംഗ വിവാദത്തെ തുടര്‍ന്ന് ഏറെ പഴി കേള്‍ക്കേണ്ടി വന്ന സംവിധായകന്‍ ; തന്നെയും കളിമണ്ണിനെയും ( നായികയെയും) വിവാദത്തിലേക്ക് വലിച്ചിഴച്ച മാധ്യമങ്ങള്‍ക്കുള്ള ചുട്ട മറുപടി തന്നെയാണ് സിനിമയിലൂടെ കൊടുത്തിരിക്കുന്നത്. ഒരു പക്ഷേ ഈ മധുര പരതികാരം ചെയ്യാന്‍ വേണ്ടി ചിത്രത്തിന്റെ ക്ലൈമാക്സില്‍ ബോധപൂര്‍വ്വം മാറ്റം വരുത്തിയിട്ടുമുണ്ടാവും. എന്ത് തന്നെയായാലും ഉര്‍വ്വശീ ശാപം ഉപകാരമായി എന്നു പറഞ്ഞത് പോലെ ഈ വിവാധങ്ങളെല്ലാം കളിമണ്ണിന് കൂടുതല്‍ പബ്ളിസിറ്റി നേടിക്കൊടുക്കുകയാണ് ചെയ്യുന്നത്. എഡിറ്റിംഗ് ടേബിളില്‍ നിന്നും വെട്ടിമിനുക്കിയെടുത്ത കളിമണ്ണിനെ പ്രസവ രംഗ ചിത്രീകരണത്തിന്റെ പേരില്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല എന്ന് ഏത് മാധ്യമ വക്താക്കള്‍ക്കും തോന്നിപ്പോകുന്ന രീതിയില്‍ സിനിമ എഡിറ്റ് ചെയ്തെടുത്ത സംവിധായകന്‍ ക്രിയാത്മ്കമായി തന്നെ അവരോടു മധുരപ്രതികാരം ചെയ്തു എന്നു തന്നെ പറയാം. ഒരു പക്ഷെ ക്ളൈമാക്സിലെ നായികയൂടെ മാധ്യമപ്രവര്‍ത്തകരോടുള്ള വികാരഭരിതമായ പ്രസ്താവനകള്‍ കഥാപാത്രത്തിന്റേതെന്നതു പോലെ അഭിനേത്രിയുടെയൂം ഉള്ളിലെ  യഥാര്‍ഥ വികാര പ്രകടനമായിരിക്കാം.

മലയാള സിനിമക്ക് പുതിയ കാഴ്ചയുമായെത്തിയ ബ്ളസ്സി പ്രതിഭാധരനായ സംവിധായകനാണെന്ന് തന്റെ മുന്‍ചിത്രങ്ങളിലൂടെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ കളിമണ്ണിനെ മനോഹരമായ ഒരു ചലച്ചിത്ര രൂപമാക്കി മാറ്റിയതില്‍ ബ്ളെസ്സിയുടെ കര വിരുത് തെളിഞ്ഞ് കാണുമ്പോള്‍ വിവാധങ്ങള്‍ക്ക് ഒരു യഥാര്‍ഥ ചലച്ചിത്ര പ്രതിഭയുടെ സ്രൂഷ്ടി വൈഭവത്തെ സ്വാധീനിക്കാനാവില്ല എന്ന് നമ്മെ മനസ്സിലാക്കിത്തരുന്നു.എന്നാല്‍ സിനിമയുടെ ആദ്യപകുതിയില്‍ ദൃശ്യങ്ങളിലൂടെയും ,കഥാപാത്രങ്ങളുടെ ഭാവങ്ങളിലൂടെയും കഥ പറഞ്ഞ് കളിമണ്ണിന്റെ ചലച്ചിത്ര ഭാഷക്ക് കാവ്യാത്മകത നല്‍കിയ സംവിധായകന്‍ രണ്ടാം പകുതിയില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ തള്ളിക്കയറ്റവും, കോടതിയുടെ പരാമര്‍ശങ്ങളും, സാമുഹ്യ നേതാക്കളുടെ വാഗ്വാദങ്ങളും തിരുകിക്കയറ്റുക വഴി മനോഹരമായി കടഞ്ഞെടുത്ത കളിമണ്‍ ശില്പത്തില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയതു പോലെ ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാവില്ല.

ശ്വേതാ മേനോന്‍ അവതരിപ്പിച്ച മീര എന്ന ബാര്‍ നര്‍ത്തകിയുടെ ആത്മഹത്യാശ്രമത്തിന്റെ ദൃശ്യത്തില്‍ തുടങ്ങുന്ന സിനിമയിലുടനീളം മീരയുടെ ജീവിത കഥയാണ് കാണിക്കുന്നത് എന്നത് കൊണ്ട് മാത്രമല്ല കളിമണ്ണ് ഒരു സ്ത്രീപക്ഷ സിനിമയാകുന്നത്. സമകാലീന സ്ത്രീ പീഡനങ്ങളെയും, സ്ത്രീകള്‍ക്കെതിരെയുള്ള മറ്റ് അതിക്രമങ്ങളെക്കുറിച്ചും നിഷിധമായി വിമര്‍ഷിക്കാനും സിനിമയെ ഉപയോഗപ്പെടുത്തി എന്നുള്ളതും കളിമണ്ണിന് സ്ത്രീപരിവേഷം  നല്‍കുന്നുണ്ട്. എന്ന് കരുതി ഈ ചിത്രം ഒരു പുരുഷ വിദ്വേശ   സിനിമ എന്ന അഭിപ്രായം പ്രേക്ഷകരിലുണ്ടാവാത്ത വിധത്തില്‍ സിനിമ അവതരിപ്പിക്കാന്‍ രചയിതാവു കൂടിയായ സംവിധായകനായത് ശ്രദ്ദേയമാണ്. ആത്മഹത്യാ ശ്രമത്തില്‍ നിന്നും മീരയെ രക്ഷിക്കുന്ന ടാക്സി ഡ്രൈവര്‍ ( ബിജു മേനോന്‍) മീരയെ വിവാഹം കഴിക്കുന്നതോടെ അവളുടെ ജീവിതത്തിന് പുതിയ മാനം കൈവരുന്നു. ബാര്‍ നര്‍ത്തകിയില്‍ നിന്നും മീര ഒരു നായിക നടിയായി ഉയര്‍ന്നു വന്നതില്‍ ഭര്‍ത്താവിന്റെ പ്രചോധനവും സഹായവും അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍ താന്‍ നായികയാകുന്ന സിനിമയുടെ പ്രിവ്യൂ ഷോ കാണന്‍ തിരക്കിട്ടെത്തുന്നതിനിടയില്‍ ഭര്‍ത്താവ അപകടത്തില്‍ പെടുന്നതോടെ മീരയുടെ ജീവിതം മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ബ്രെയിന്‍ ഡെത്തായ ഭര്‍ത്താവില്‍ നിന്നും ഗര്‍ഭം ധരിക്കാനുള്ള അവളുടെ ആഗ്രഹത്തെയും ശ്രമങ്ങളെയും മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയും അവള്‍ക്ക് നിയമ തടസ്സങ്ങള്‍ നേരിടേണ്ടിവരികയും ചെയ്യുന്നതിലൂടെ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെയും വാര്‍ത്തകള്‍ സൃഷ്ടിക്കുകയും വളച്ചൊടിക്കുകയൂം ചെയ്യുന്ന മാധ്യമ ധര്‍മ്മത്തെയും സിനിമ ചോധ്യം ചെയ്യുന്നു. ഒടുവില്‍ എല്ലാ തടസ്സങ്ങളും മാറി അവള്‍ ഗര്‍ഭിണിയായപ്പോള്‍ ഒരു ജീവന്റെ തുടിപ്പ് ശരീരത്തിലെ മറ്റൊരു അവയവം പോലെ കൊണ്ടു നടക്കുകയും താലോലിക്കുകയും ചെയ്യുന്ന സ്ത്രീയുടെ മാതൃത്വത്തിന്റെ വൈകാരിക ഭാവങ്ങളിലേക്ക് സിനിമ ശ്രദ്ദ കേന്ദ്രീകരിച്ച് മുന്നേറുമ്പോഴാണ് പ്രസവരംഗം എന്ന വിവാദ സീനിലൂടെ ചിത്രം ക്ലൈമാകിസിലേക്ക് ചുവടു വക്കുന്നത്.

കളിമണ്ണില്‍ ആദ്യം തൊട്ടവസാനം വരെ നിറഞ്ഞു നില്‍ക്കുന്നത് ശ്വേതാ മേനോന്‍ എന്ന നടിയുടെ ഉടലും ഭാവങ്ങളുമാണ്. ഒരു ശില്പിയുടെ മനോഹരമായ കളിമണ്‍ സൃഷ്ടിയെ പോലെ കടഞ്ഞെടുത്ത ശേതയുടെ അംഗലാവണ്യമാണ് സിനിമയുടെ തുടക്കത്തിലുള്ള ഗാനങ്ങള്‍ക്ക് ചാരുതയേകിയതെങ്കില്‍ കഥ വികസിക്കുമ്പോള്‍ ശ്വേതയൂടെ നൈസര്‍ഗ്ഗികമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. യഥാര്‍ത്ഥ ജീവിതത്തിലെ ഗര്‍ഭാവസ്ഥയില്‍ അതിന്റെ എല്ലാ ഘട്ടത്തിലും സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി സഹകരിച്ച നടിയുടെ സമര്‍പ്പണം അഭിനന്ദനീയമാണ്. ചെറുതാണെങ്കിലും ബിജു മേനോന്റെ കഥാപാത്രം ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ നടന്റെ അഭിനയ മികവ് കൊണ്ട് തന്നെയാണ്. മീരയുടെ മെന്ററായി വന്ന സുഹാസിനിയുടെ അഭിനയവും ശ്രദ്ദേയമായി.

ഹിന്ദി ഗാനങ്ങളുള്‍പ്പെടെയുള്ള ചിത്രത്തിലെ ഗാനങ്ങളില്‍ മികച്ചു നില്‍ക്കുന്നത് താരാട്ട് പാട്ട് തന്നെയാണ്. എങ്കിലൂം O.N.V കുറുപ്പ്  - M. ജയചന്ദ്രന്‍ ടിമിന്റെ ഗാനങ്ങള്‍ മനോഹരമായി. പശ്ചാത്തല സംഗീതം ചിത്രത്തിന് ഒരു പ്രത്യേക താളം നല്‍കി. ഛായാഗ്രഹകന്‍ സതീഷ് കുറുപ്പിന്റെ ചില ഫ്രെയിമിങ്ങുകള്‍ മികച്ചു നില്‍ക്കുന്നു. ആരംഭത്തിലുള്ള ഹിന്ദി ഗാനങ്ങളിലൂടെ അല്പം എരിവും ക്ലൈമാക്സിലെ വിമര്‍ശനങ്ങളിലൂടെ അല്പം പുളിയും  ചേര്‍ത്ത് ചിത്രത്തിന് ആവശ്യത്തിനുള്ള മസാല ചേര്‍ത്തിട്ടുണ്ടെങ്കിലും കളിമണ്ണിന്റെ  ചാലച്ചിത്ര ഭാഷ മനോഹരം തന്നെയെന്ന് പറയാതിരിക്കാനാവില്ല. 

No comments

Theme images by Maliketh. Powered by Blogger.