RED WINE (Movie Review): റെഡ് വൈനിന്റെ നിറവും വീര്യവും പ്രതീകാത്മകമാവുമ്പോള്‍ ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ സമിതിയിലെ മലയാളിയായ Jury Member മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങളെ അപേക്ഷിച്ച് സാങ്കേതികമായി ഒരു പാട് വളരാനുണ്ടെന്ന് ഇയ്യിടെ അഭിപ്രായപ്പെടുകയുണ്ടായി. അത് പോലെ തന്നെ  സംസ്ഥാന ചലച്ചിത അവാര്‍ഡ് Jury Chairman ,  New generation സിനിമകള്‍ക്ക്  സാങ്കേതികയുടെ കാര്യത്തില്‍ മാത്രമേ നിലവാരമുള്ളൂ എന്നും  അഭിപ്രായപ്പെടുകയുണ്ടായി. ഇരുവരുടെയും അഭിപ്രായങ്ങള്‍ തമ്മില്‍ ഭിന്നത അനുഭവപ്പെടുകയാണെങ്കിലും മലയാള സിനിമയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്ക തന്നെയാണ് ഇവരുടെ വാക്കുകളില്‍ പ്രകടമാകുന്നത്. എന്നാല്‍ മലയാള സിനിമ ലോകശ്രദ്ദ പിടിച്ചു പറ്റിയിട്ടുണ്ടെങ്കില്‍ അതിന് കാരണമായത് ഉള്ളടക്കത്തിന്റെ കരുത്തും, ആഖ്യാനരീതിയിലെ കാവ്യാത്മകയുമാണ് എന്നുള്ളത് ഏവര്‍ക്കും അംഗീകരിക്കാന്‍ സാധ്യമാകുന്ന വസ്തുതയാണ്. ഇയ്യവസരത്തിലാണ് ഉള്ളടക്കത്തിന്റെ കരുത്തുമായി New generation ലാബലിന്റെയോ A Certificate -ന്റെയോ അകമ്പടിയോ ഇല്ലാതെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ റെഡ് വൈനിന്റെ പ്രസക്തി. സൂപ്പര്‍താരത്തെയും യുവതാരങ്ങളെയും അണിനിരത്തിക്കൊണ്ട് വന്ന Red wine-ല്‍ നമുക്ക് താരപ്പോലിമയോ, അവരുടെ അതിമാനുഷികതയോ കാണാനാവാതെ അവരെ ജീവസ്സുറ്റ കഥാപാത്രങ്ങള്‍ മാത്രമായി അനുഭവപ്പെടുമ്പോള്‍ ഈ ചലച്ചിത്രത്തിലെ യഥാര്‍ഥ താരം കഥ തന്നെയാണ് എന്ന് നാം മലസ്സിലാക്കുന്നു. താരങ്ങള്‍ക്ക് വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കാതെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി അവക്ക് ഏറ്റവും ഇണങ്ങുന്ന അഭിനേതാക്കളെ കണ്ടെത്തിക്കൊണ്ട് ലളിതവും എന്നാല്‍ വിദഗ്ദവും, ഉദ്വേഗജനകവുമായി കഥ പറയുക വഴി ചിത്രത്തിന്റെ രചയിതാക്കളും സംവിധായകനും ഇവിടെ മിടുക്കു കാണിച്ചിരിക്കുന്നു.
           നീണ്ടകാലം ലാല്‍ജോസുള്‍പ്പെടെയുള്ള പ്രതിഭാശാലികളുടെ സഹ സംവിധായകനായ സലാം ബാപ്പു ഒരു സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുമ്പോള്‍ സാമൂഹിക രാഷ്ട്രീയ പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത് എന്നുള്ളത്  ഈ നവാഗത സംവിധായകന്‍ സിനിമയെ ഒരു വ്യവസായം മാത്രമായി കാണാതെ ആദര്‍ശത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും ഉപയോഗപ്പെടുത്താനുള്ള ഒരു കലാരൂപവും മാധ്യമവുമായാണ് കാണുന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത്കൊണ്ട് തന്നെ ഈ സംവിധായകനില്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാം എന്ന് തന്നെ പറയാം. ഇവിടെയാണ് സിനിമയുടെ ശീര്‍ഷകത്തില്‍ തന്നെ ഈ ആദര്‍ശം നാം ശ്രദ്ദിക്കേണ്ടത്.  സിനിമയുമായോ കഥയുമായോ യാതൊരു ബന്ധമില്ലാതെ English Title കള്‍ മലയാള സിനിമക്ക് നല്‍കുന്നതില്‍ ഓരോ ചലച്ചിത്രകാരും മത്സരിക്കുമ്പോള്‍ അതിനെ അനുകരിച്ചാണ് 'റെഡ് വൈന്‍ 'എന്ന ശീര്‍ഷകം ഈ ചിത്രത്തിന് നല്‍കിയത് എന്ന് പ്രഥമ ദൃഷ്ട്യാ തോന്നുമെങ്കിലും ചിത്രത്തിന്റെ ടൈറ്റില്‍ ഇവിടെ പ്രതീകാത്മകമായാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. റെഡ് വൈനിന്റെ ചുവപ്പിനെയും, വീര്യത്തെയും (സംശുദ്ധതയെയും); തിളച്ചുമറയുന്ന രക്തത്തിന്റെയും, വിപ്ലവത്തിന്റെ ഊര്‍ജ്ജസ്വലതയും, നേരും നെറിയും നിറഞ്ഞ ആദര്‍ശത്തെയും പ്രതിനിധാനം ചെയ്യുന്ന രാഷ്ടീയ പാര്‍ട്ടിയുടെ യുവപ്രവര്‍ത്തകനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം എന്ന വസ്തുതയുമായി തട്ടിച്ച് നോക്കിയാല്‍, ഈ നാമം ഈ ചിത്രത്തിന് പ്രതീകാത്മകമായ ഒരു അര്‍ത്ഥതലവും കൂടി നല്‍കുന്നുണ്ട് എന്ന് വ്യകതമാണ്.

വയനാട്ടിലെ ഒരു ഗ്രാമത്തിലെ ലോക്കല്‍ സെക്രട്ടറിയായ  അനൂപ് ( ഫഹദ് ഫാസില്‍ ) എഞ്ചീനിയറിംഗ് ബിരുദമുണ്ടായിട്ടു പോലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന  ജനകീയനായ ഒരു സഖാവാണ്. നാടകത്തിലഭിനയിക്കുന്നതിനായി ഇടക്കിടെ കോഴിക്കോട്  പോകാറുള്ള അനൂപിന്റെ നാടകത്തിലെ രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. എന്നാല്‍ ഒട്ടേറെ ദുരൂഹത നിലനിര്‍ത്തിക്കൊണ്ട് അനൂപ് അന്നു രാത്രി കൊല്ലപ്പെടുന്നതാണ് കഥക്ക് വഴിത്തിരിവാകുന്നത്. ഈ കൊലപാതകത്തിന്റെ അന്വേഷണച്ചുമതലയുള്ള Asst. Commissioner  രതീഷ് വാസുധേവന്‍ (മോഹന്‍ ലാല്‍ ) അനൂപുമായി ബന്ധപ്പെട്ട സിനിമയിലെ മറ്റു കഥാപാത്രങ്ങളുമായി നടത്തുന്ന ചോദ്യം ചെയ്യലില്‍ നിന്നും, ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ നിന്നുമാണ് അനൂപെന്ന ആദര്‍ശധീരനും ജനകീയനുമായ യുവ നേതാവിനെ പ്രേക്ഷകര്‍ മനസ്സിലാക്കുന്നത്. എന്നാല്‍ അനൂപിന്റെ സ്വകാര്യ ജീവിതത്തിലെ ഇരുണ്ട വശവും അനൂപുമായി വ്യക്തിപരമായി യാതൊരു ബന്ധവുമില്ലാത്ത രമേഷ് ( ആസിഫലി) എന്ന ചെറുപ്പക്കാരന്‍ അനൂപിന്റെ ജീവിതത്തില്‍ ( ജീവനിലും) സ്വാദീനം ചൊലുത്തുന്നു എന്നതാണ് റെഡ് വൈനിന് വീര്യവും ഉദ്വേഗജനതയും നല്‍കുന്നത്. അനൂപിന്റെ ഉറ്റ സുഹൃത്തായ നവാസ് (സൈജു കുറുപ്പ്), പാര്‍ട്ടിയിലെ മറ്റ് ഉന്നതന്മാര്‍ തുടങ്ങി പലരും അനൂപിന്റെ കൊലപാതകത്തിന് ഉത്തരവാധിയാണെന്ന് സംശയിക്കുമാറ് കഥാഗതിയില്‍ Suspense നിലനിര്‍ത്തിയിട്ടാണ് സിനിമയുടെ ആഖ്യാന രീതി. I.V ശശി ചിത്രങ്ങളിലെപ്പോലെ ഒരു പാട് കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലൂടെ ഭൂമാഫിയക്കും, വിദ്യഭ്യാസക്കച്ചവടത്തിനുമെതിരെയും കഥാപാത്രങ്ങള്‍ ശബ്ദമുയര്‍ത്തുന്നു എന്നുള്ളത് പ്രശംസനീയമാണ്. അന്വേഷ്വണാത്മകമായ ഒരു കഥ പറയുമ്പോഴും അതിലൂടെ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യവും, ചുവപ്പു കലര്‍ന്ന ആദര്‍ശവും ഒരു പോലെ കാണിക്കാന്‍ സംവിധായകനായി എന്നുള്ളത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഒരു വിനോദ ചിത്രത്തിന്റെ എല്ലാ ചേരുവകളും ഇല്ലാത്തതും ആഖ്യാന രീതിക്ക് ഉദ്വേഗജനകതയുണ്ടെങ്കില്‍ പോലും ഒരു  suspense thriller ആയി റെഡ് വൈന്‍ പ്രേക്ഷകന് അനുഭവപ്പെടാത്തതും സിനിമയുടെ സാമ്പത്തിക വിജയത്തെ ഒരു പക്ഷേ ബാധിച്ചേക്കാം.
താരങ്ങളുള്‍പ്പെടെ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്ന red wine-ല്‍ മിക്ക കഥാപാത്രങ്ങള്‍ക്കും ഏറ്റവും അനുയോജ്യരായ അഭിനേതാക്കളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത് എന്നത് കൊണ്ട് തന്നെ red wine-ന്റെ casting വളരെ മികച്ച് നില്‍ക്കുന്നു. മധ്യവയ്സ്കനും അത്യാവശ്യ അഭിനയ ശേഷിയുമുള്ള ഏതെങ്കിലുമൊരു നടന്‍ ചെയ്താല്‍ കിട്ടാത്ത ഒരു പുതിയ Dimension- ആണ് രതീഷ് മാധവന്‍ എന്ന കുറ്റാന്വേഷകന് മോഹന്‍ ലാല്‍ എന്ന നടന വിസ്മയം നല്‍കിയിരിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സൂപ്പര്‍താരം തയ്യാറായതും അതിനെ നൈസര്‍ഗ്ഗികമായി അവതരിപ്പിച്ച് കഥ പറച്ചിലിന് വിദഗ്ദമായ ഒരു ഒഴുക്കും നല്‍കിയത് തന്നെയാണ് red wine-ന് പ്രേക്ഷകശ്രദ്ദ നല്‍കുന്നത്. അനൂപ് എന്ന ജനപ്രിയനായ സഖാവിനെ അവതരിപ്പിച്ച ഫഹദ് മോശമല്ലാത്ത പ്രകടനമാണ് കാഴ്ച വച്ചത്. എങ്കിലും ഈ ചിത്രത്തിലെ പ്രണയ രംഗത്തിലെ ആദര്‍ശധീരനായ കാമുകനും, അന്നയും റസൂലിലെ നിഷ്കളങ്കനായ കാമുകനും തമ്മില്‍ യാതൊരു വ്യത്യാസവും പ്രേക്ഷകന് അനുഭവപ്പെടുന്നില്ലെങ്കില്‍ അതിനര്‍ഥം ഫഹദ് എന്ന നടന്‍ കഥാപാത്രങ്ങള്‍ക്കനുസരിച്ച് facial expression -ലും body language -ലും variation കൊണ്ട് വരേണ്ടതുണ്ട് എന്നാണ്. ചുറുചുറുക്കുള്ള ഒരു വിപ്ലവകാരിയുടെ ഊര്‍ജ്ജവും ആവേഷവും അനൂപെന്ന സഖാവിന് നല്‍കുന്നതില്‍ ഫഹദ് പൂര്‍ണ്ണമായി വിജയിച്ചോ എന്നതും സംശയകരമാണ്.
പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് രമേഷെന്ന പ്രാരാബ്ദക്കാരനും ഒരു കൈകുഞ്ഞിന്റെ അച്ചനുമായ കഥാപാത്രത്തെ മികവോടെ അവതരിപ്പിക്കുന്നതില്‍ ആസിഫലി വിജയിച്ചിരിക്കുന്നു. ആസിഫലി എന്ന നടന് പ്രേക്ഷകരെ രസിപ്പിക്കുന്ന freak boy എന്ന വേഷത്തില്‍ മാത്രമല്ല; വാശിയും , നൊമ്പരവും ,കുടുംബ സ്നേഹവുമുള്ള നിത്യജീവിതത്തില്‍ നാം കാണുന്ന യുവാക്കളെയും നൈസര്‍ഗ്ഗികമായി അവതരിപ്പിക്കാന്‍ കഴിയും എന്ന് ഈ യുവ നടന്‍ റെഡ് വൈനിലൂടെ തെളിയിച്ചിരിക്കുന്നു. ചിത്രത്തില്‍ നിരവധി നായികാ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും  ദീപ്തി എന്ന വീട്ടമ്മയുടെ റോള്‍  ഭംഗിയായി അവതരിപ്പിച്ച മിയയാണ് ശ്രദ്ദിക്കപ്പെട്ടത്.
ചിത്രത്തിലെ പശ്ചാത്തല സംഗീതം കഥാഗതിക്ക് ഉദ്വേഗം കൂട്ടുന്നതിന് ഉപകരിക്കപ്പെട്ടില്ലെങ്കിലും ഇതു വഴിയേ.. എന്നു തുടങ്ങുന്ന ഗാനം ഒരു theme song ആയി ചിത്രത്തിന്റെ ആത്മാവുമായി ഇഴുകിച്ചേരുന്നത് അഭിനന്ദനാര്‍ഹമാണ്. അത് കൊണ്ട് തന്നെ ബിജിബാലിന്റെ സംഗീത സംവിധാനം മികച്ചതാണെന്ന് പറയാം. വയനാട്ടിലെ ഗ്രാമ ഭംഗിയെ മനോഹരമായി അഭ്രപാളിയിലാക്കിയും കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളെ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഷോട്ടുകള്‍ തിട്ടപ്പെടുത്തിയും മനോജ് പിള്ള cinematography മികച്ചതാക്കിയിട്ടുണ്ട്. രന്‍ജന്‍ അബ്രഹാമിന്റെ editing  നിലവാരം പുലര്‍ത്തിയെങ്കിലും ഒരു investigate movie-ക്ക് വേണ്ട ചടുലതയും tempo -യും നില നിര്‍ത്താന്‍ എഡിറ്റര്‍ക്കായി എന്ന് പറയാനാവില്ല. ഇന്ത്യന്‍ റുപീ, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങള്ടെ വിജയത്തിന് കോഴിക്കോട് നഗരവും അവിടത്തെ സംഭാഷണ രീതിയും മുതല്‍ക്കൂട്ടായെങ്കിലും പകുതിയിലധികവും കോഴിക്കോട് വച്ച് ചിത്രീകരിച്ച Red wine-ന് ഒരു കോഴിക്കോടന്‍ ടച്ചിന്റെ അഭാവമുണ്ട് എന്നുള്ളത് ഖേദകരമാണ്.





No comments

Theme images by Maliketh. Powered by Blogger.