സ്പിരിറ്റ് : മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാകേണ്ട സിനിമ

ഒരു ചലച്ചിത്രകാരന് സമൂഹത്തോടുള്ള പ്രതിബദ്ധത എങ്ങനെ ധാര്‍മ്മികമായും ക്രിയാത്മകമായും നിര്‍വ്വഹിക്കാം എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരമാണ് 'സ്പിരിറ്റ് ' എന്ന ചിത്രത്തിലൂടെ രന്‍ജിത് എന്ന പ്രതിഭാധരനായ സംവിധായകന്‍ കാണിച്ചു തന്നിരിക്കുന്നത്.


തന്റെ തന്നെ പൂര്‍വ്വകാല സൃഷ്ടികളായ അമാനുഷിക കഥാപാത്രിങ്ങളിലൂടെ മദ്യത്തിന്റെ വീര്യം നല്‍കുന്ന ശൗര്യവും, മദ്യപാനത്തിന്റെ ലഹരിയുടെ ഉന്മാദത്വവും മനോഹരമായി കാണിച്ചു തന്ന ചലച്ചിത്രകാരനില്‍ നിന്നു തന്നെ മദ്യപാനം എന്ന ബഹുഭൂരിപക്ഷം മലയാളികളുടെ ' ദിനചര്യ ' കേരളീയ ജനതയെ എത്ര മാരകമായി പിടികൂടിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന സത്യം വെളിപ്പെടുന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ്.  സിനിമ വെറുമൊരു വിനോദോപാദിയല്ലെന്നും അതിന് ജനങ്ങളെ പല വിപത്തുകളെക്കുറിച്ച് അവബോധരാക്കാനും അവരെ നേര്‍വ്വഴിക്ക് നയിക്കാനുമാകുമെന്നും തന്റെ സമീപകാല ചിത്രങ്ങളിലൂടെയെന്ന പോലെ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു ഈ സംവിധായകന്‍.
സൂപ്പര്‍ താര ചിത്രങ്ങളിലെ പതിവ് വിഭവങ്ങളായ അതിമാനുഷിക കഥാപാത്രങ്ങളും മസാല ചേരുവകളും കൂടാതെ കേരളീയ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയത്തെ ഗൗരവത്തോടെയും സത്യസന്ധമായും അവതരിപ്പിച്ച് കൊണ്ട് ന്യൂ ജനറേഷന്‍ സിനിമകള്‍ക്കും മുകളില്‍ നില്ക്കുന്നു സ്പിരിറ്റിന്റെ ചലച്ചിത്ര ഭാഷ.

മോഹന്‍ ലാല്‍ എന്ന സൂപ്പര്‍ താരത്തെ നമുക്കീ സിനിമയില്‍ കാണാനാവില്ല.  മറിച്ച് രഘു നന്ദനെന്ന നോവലിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ മദ്യപാനിയെയാണ് കാണാനാവുക . രാവിലെ ചൂടുകാപ്പിയില്‍ വിദേശമധ്യം മിക്സ് ചെയ്ത് തന്റെ ദിവസം മുഴുവനും നീളുന്ന മദ്യ സേവ ആരംഭിക്കുന്ന, താന്‍ 'ആള്‍ക്കഹോളിക്ക്' ആണെന്ന് മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കാനിഷ്ടപ്പെടാത്ത നായകന്‍; അമിത മധ്യപാനം കാരണം തന്റെ കണ്മുന്നില്‍ വച്ച് ചോര തുപ്പി മരിക്കുന്ന സുഹൃത്തിന്റെ ധാരുണമായ മരണം സൃഷ്ടിക്കുന്ന ആഘാതം മൂലം സ്വയം മദ്യപാനത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നു.  തന്റെ ജനപ്രിയ ടി വീ പരിപാടിയായ ' Show D Spirit ' തുടങ്ങുന്നതിന് മുന്പും, ഷോക്കിടയിലും മദ്യം സേവിക്കുന്ന നായകന്‍ ഒടുവില്‍ ആ പരിപാടിയിലൂടെ തന്നെ മദ്യപാനം എന്ന വിപത്ത് ' കേരളത്തിലെ കുടുംബങ്ങളെ തന്നെ ശിഥിലമാക്കിയിരിക്കുന്നു' എന്ന ഞെട്ടിക്കുന്ന വസ്തുത മലയാളികള്‍ക്ക് കാണിച്ചു കൊടുക്കുന്ന തലത്തിലേക്ക് എത്തുന്ന കഥാപാത്രത്തിന്റെ പരിണാമങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിച്ച മോഹന്‍ലാലിന്റെ നടന വൈഭവത്തെപ്പറ്റി പറയാന്‍ വാക്കുകള്‍ ധാരാളം വേണ്ടിവരും. ഒട്ടേറെ പ്രഗല്ഭരും മുതിര്‍ന്നവരുമായ അഭിനേതാക്കളുടെ നീണ്ട നിരക്കിടയിലും പ്ളംബര്‍ മണി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നന്ദ കുമാറിന്റെ അഭിനയം മറ്റുള്ളവര്‍ക്കെന്ന പോലെ അഭിനന്ദനമര്‍ഹിക്കുന്നു. ഒരു പക്ഷേ നന്ദുവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രമായിരിക്കും ഇത്. അനൂപ് മേനോന്റെ ശബ്ദം ശങ്കര്‍ രാമകൃഷ്ണന്റെ അഭിനയത്തിലെ പോരായ്മകളെ നികത്തിയിട്ടുണ്ട്.
സാങ്കേതികമായി കാര്യമായ മേന്മകളൊന്നും അവകാശപ്പെടാനില്ലെങ്കിലും വേണുവിന്റെ ഛായാഗ്രഹണം ദൃശ്യങ്ങളെ മികവുള്ളതാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും റിസോട്ടിലെയും ചാനല്‍ സ്റ്റുഡിയോയിലെയും ചിത്രീകരണം മനോഹരമായിരിക്കുന്നു. ഷഹബാസ് അമന്റെ സംഗീതം ലളിതമെങ്കിലും സുന്ദരമാണെന്ന് പറയാനാവില്ല. പശ്ചാത്തല സംഗീതം കഥാ സന്ദര്‍ഭങ്ങളുടെ താളത്തിനോട് നീതി പുലര്‍ത്തിയോ എന്നത് സംശയമാണ്. റഫീക് അഹമ്മദ് എഴുതിയ കവിത തുളുന്പുന്ന ഗാനങ്ങളുടെ വരികള്‍ മനോഹരമാണ്. കഥാഗതിയുടെ pace-ന് സമാന്തരമായി ഷോട്ടുകള്‍ സംയോജിപ്പിക്കുന്നതില്‍ എഡിറ്റര്‍ വിജയിച്ചിരിക്കുന്നു എന്നു പറയാനാവില്ലെങ്കിലും ഭേദപ്പെട്ട രീതിയില്‍ തന്നെയാണ് വിജയ് ശങ്കര്‍ ചിത്രസംയോജനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഒരു സിനിമയുടെ വിജയത്തിന് ഏറ്റവും പ്രധാനം കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണെന്ന് രന്ജിത് തന്റെ രചനാ പാഢവത്തിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. പലപ്പോഴും കഥാപാത്ര്ങ്ങളുടെ സംഭാഷണങ്ങള്‍ ജനങ്ങള്‍ക്കുള്ള ഉപദേശങ്ങളയി തോന്നുന്നുണ്ടെങ്കില്‍ അത് യാദൃശ്ചികമാവാന്‍ വഴിയില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചലച്ചിത്രകാരന് ജനങ്ങളോടുള്ള ഉത്തരവാദിത്വമായിട്ടു വേണം അതിനെ കാണാന്‍.
മദ്യപാനം എന്ന വിപത്തില്‍ നിന്നൂം മോചിപ്പിക്കാന്‍ "രക്ഷകന്‍ വരുന്നത് കാത്തു നില്ക്കാതെ അവനവന്‍ തന്നെ അവനവന്റെ രക്ഷകനാവുക" എന്ന സന്ദേശം മദ്യപാനികളായ ഓരോ മലയാളിയും ഗൗരവ പൂര്‍വ്വം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ഇതിലെല്ലാറ്റിലുമുപരി സ്പിരിറ്റ് എന്ന മലയാള ചിത്രത്തിന് അവകാശപ്പെടാന്‍ മറ്റെരു നേട്ടവും കൂടിയുണ്ട്. ഏറ്റവുമധികം തവണ പുകവലിയും മദ്യപാനവും സ്കീനില്‍ കാണിച്ചതിന്റെയും അപ്പോഴെല്ലാം കൃത്യമായി "പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം" എന്ന് എഴുതിക്കാണിച്ചതിന്റെയും ക്രെഡിറ്റ് സ്പിരിറ്റിന് മാത്രം അവകാശപ്പെട്ടതാണ്.

No comments

Theme images by Maliketh. Powered by Blogger.