ഒഴിമുറി: നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാകാത്ത ചിത്രം


വ്യത്യസ്തമായ ട്രീറ്റ്മെന്റും സാങ്കേതികത്തികവുമുള്ള ചിത്രങ്ങളെയെല്ലാം ന്യൂജനറേഷന്‍ സിനിമകളെന്ന് മുദ്രകുത്തി മലയാള സിനിമയില്‍ ഒരു ന്യൂ ജനറേഷന്‍ തരംഗം സൃഷ്ടിക്കുന്നതില്‍ ഓരോരുത്തരും വെപ്രാളപ്പെടുമ്പോള്‍ സിനിമ ഒരു കലാരൂപമാണെന്നും, സാങ്കേതിക മേന്മ കൊണ്ട് മാത്രം ഒരു സിനിമ ഉത്തമ കലാ സൃഷ്ടിയാവില്ല എന്നും പലരും ബോധപൂര്‍വ്വം മറക്കുന്നു. ഈ അവസരത്തിലാണ് കരുത്തുറ്റ കഥാപാത്രങ്ങളും കേരളത്തിന്റെ ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പുതുമയാര്‍ന്ന കഥയുമായി വന്ന ഒഴിമുറി എന്ന "മലയാളിത്തമുള്ള" മലയാള സിനിമയുടെ പ്രസക്തി.
" തലപ്പാവ് " എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മധുപാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ഥ ചലച്ചിത്ര പ്രേമികള്‍ക്കായി ഒരുക്കിയ ഒഴിമുറിക്ക് വലിയ സാങ്കേതിക മേന്മകളൊന്നും അവകാശപ്പെടാനില്ലെങ്കിലും കലാപ്രേമികളായ ചലച്ചിത്രാസ്വാധകരെ സംതൃപ്തിപ്പെടുത്തുന്ന ഒരു ഉത്തമ കലാ സൃഷ്ടിയാണിതെന്ന് പറയുന്നതില്‍ തെറ്റില്ല.
വന്‍ താര നിരയോ ഫോര്‍മുലകള്‍ക്കനുസരിച്ചുള്ള മസാലച്ചേരുവകളോ അല്ല ഒരു കലാമൂല്യമുള്ള സിനിമക്ക് വേണ്ടതെന്നും സിനിമ ഒരു സംവിധായകന്റെ കല തന്നെയാണെന്നും ഊട്ടിയുറപ്പിക്കുന്നതില്‍ ഒഴിമുറിയിലൂടെ മധുപാല്‍ വിജയിച്ചിരിക്കുന്നു.
കേരളം എന്ന സംസ്ഥാനം നിലവില്‍ വരുന്നതിന് മുന്പുള്ള തിരുവിതാംകൂറിലെ നായര്‍ സമൂഹത്തില്‍ നില നിന്നിരുന്ന സമ്പ്രദായങ്ങളും അവയുടെ ഗുണദോഷങ്ങളിലേക്കും വെളിച്ചം വീശുന്ന സിനിമ ആരംഭിക്കുന്നത് ഇന്നത്തെ കാലഘട്ടത്തിലെ അന്പത്ത് നാലുകാരിയും ഒരു യുവാവിന്റെ അമ്മയുമായ മീനാക്ഷി പിള്ള തന്റെ എഴുപത്തൊന്നുകാരനായ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനത്തിനായുള്ള അപേക്ഷ ( ഒഴിമുറി) കൊടുക്കുന്നിടത്ത് നിന്നുമാണ്. വൃദ്ധനായ താണുപിള്ളക്ക് വേണ്ടി വാദിക്കുന്ന ഭാവനയുടെ വക്കീല്‍ കഥാപാത്രവും വൃദ്ധ ദന്പതികളുടെ മകനായ ആസിഫലിയുടെ ശരത് ചന്ദ്രനെന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയും ഫ്ലാഷ് ബാക്കിലൂടെയുമാണ് സിനിമയുടെ യഥാര്‍ഥ കഥയുടെ ചുരുളഴിയുന്നത്. സങ്കീര്‍ണ്ണതയും നിഗൂഢതയും നിറഞ്ഞ കഥാ സന്ദര്‍ഭങ്ങളെ ലളിതമായും വിശ്വസനീയമായും കോര്‍ത്തിണക്കുന്നതില്‍ തിരക്കഥാകൃത്ത് ജയമോഹന്‍ കാണിച്ച നൈപുണ്യം പ്രശംസനീയമാണ്.
താണുപിള്ള എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടവും താണുപിള്ളയുടെ അച്ഛന്റെ വേഷവും തന്മയത്വത്തോടെയും അതിഭാവുകത്വമില്ലാതെയും അഭിനയിച്ച് പ്രതിഫലിപ്പിച്ച ലാലിന്റെ പ്റകടനം തികച്ചും അഭിനന്ദനമര്‍ഹിക്കുന്നു. സര്‍വ്വം സഹയും ത്യാഗിനിയുമായ മീനാക്ഷിയുടെ വേഷം അനശ്വരമാക്കുന്നതില്‍ മല്ലിക വിജയിച്ചിരിക്കുന്നു. താണുപിള്ളയുടെ അമ്മയും മരുമക്കത്തായം നില നിന്ന കാലഘട്ടത്തിലെ ഫെമിനിസ്റ്റുമായ കാളിപിള്ളയുടെ വേഷത്തില്‍ ശ്വേതാ മേനോന്റെ പ്രകടനം ശ്രദ്ദേയമാണ്. ഒഴിമൂറിയിലൂടെ വ്യത്യസ്തമായ ഒരു വേഷം ചെയ്യാന്‍ ആസിഫലിക്ക് സാധിച്ചത് യുവതാരത്തിന്റെ മാറ്റ് കൂട്ടുന്നു.
മികച്ച ശബ്ദസംവിധാനവും ഡബ്ബിംഗും ചിത്രത്തിന് സാങ്കേതിക മേന്മ അവകാശപ്പെടാന്‍ അവസരം കൊടുക്കുമ്പോള്‍ ഛായാഗ്രഹണവും ചിത്ര സന്നിവേശവും തൃപ്തികരമെന്ന് പറയാനാവില്ല. എന്നാല്‍ കലാ സംവിധാനവും വസ്ത്രാലങ്കാരവും കഥയുമായും കഥാകാലഘട്ടവുമായും നീതി പുലര്‍ത്തുന്നു. കാളിപിള്ളയുടെ മേക്കപ്പ് ഏച്ച് കൂട്ടലായി തോന്നിയെങ്കിലും ലാലിന്റെയും മറ്റ് കഥാപാത്രങ്ങളുടെയും മേക്കപ്പ് മികച്ചതാണെന്ന് തന്നെ പറയാം.ഗാനങ്ങളോ പശ്ചാത്തല സംഗീതമോ സിനിമക്ക് മികവു കൂട്ടുന്നതിന് മുതല്‍കൂട്ടാകുന്നതായി കാണാനാകില്ല.
പുരാതന കേരളത്തിലെ സമ്പ്രദായങ്ങളിലേക്കും ദാമ്പത്യജീവിതത്തിലെ യാഥാര്‍ത്യങ്ങളിലേക്കൂം മാതൃ പിതൃ സ്നേഹത്തിന്റെ നൊമ്പരങ്ങളിലേക്കും നമ്മെ നയിക്കുന്ന ഒഴിമുറി ഒരു യഥാര്‍ഥ ചലച്ചിത്രാസ്വാധകന് ഒഴിവാക്കാനാവില്ല എന്ന് തന്നെ പറയാം

No comments

Theme images by Maliketh. Powered by Blogger.