വിശ്വരുപം: Hollywood നിലവാരത്തിലുള്ള Indian ചലച്ചിത്ര വിസ്മയം

ഇന്ത്യന്‍ സിനിമയില്‍ "സകലകലാ വല്ലഭന്‍ "  എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യനായ ഒരു ചലച്ചിത്രകാരനാണ് കമലഹാസന്‍ . വിശ്വരൂപം എന്ന ചിത്രത്തിലൂടെ താന്‍ പരിപൂര്‍ണ്ണമായും ഒരു ചലച്ചിത്രകാരനാണെന്നും എല്ലാവരെയൂം ത്രൂപ്തിപ്പെടുത്തിക്കൊണ്ട് സിനിമ നിര്‍മ്മിക്കുക എന്നുള്ളതിനേക്കാള്‍  തന്റെ ചലച്ചിത്ര സപര്യയുടെ പൂര്‍ണ്ണതക്കാണ് ഒരു കലാകാരന്‍ പ്രാധാന്യം നല്‍കേണ്ടതെന്നും  തികഞ്ഞ ചലച്ചിത്ര ബോധമുള്ള ഒരു സകലകലാ വല്ലഭന്‍ തന്നെയാണ് താനെന്നും ഒരിക്കല്‍ക്കുടി അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. തന്റെ ആശയങ്ങളും ആദര്‍ശങ്ങളും ജനങ്ങളോട് സംവേദിക്കാനാണ് സിനിമ എന്ന മാധ്യമത്തെ എല്ലാ ചലച്ചിത്രകാരന്‍മാരും കാണുന്നത്. എന്നാല്‍ പലപ്പോഴായി സിനിമാവ്യവസായത്തെ നില നിര്‍ത്താന്‍ സിനിമയുടെ സാമ്പത്തിക വിജയം വളരെ പ്രധാനമാണെന്നുള്ള ബോധത്തില്‍ നിന്നും ഏതൊരു സംവിധായകനും തന്റെ ആദര്‍ശങ്ങള്‍ക്കുമേല്‍ വിട്ടു വീഴ്ചക്ക് തയ്യാറാവുന്നു. ഈ അവസരത്തിലാണ് വ്യാപകമായ പ്രധിഷേധങ്ങള്‍ക്കിടയിലും വിശ്വരൂപം റിലീസ് ചെയ്ത് താനൊരു തികഞ്ഞ ചലച്ചിത പ്രതിഭയാണെന്ന് കമലഹാസന്‍ തെളിയിച്ചിരിക്കുന്നത്.
ആഗോള വത്കരണത്തിന്റെ ഫലമായി വിദേശ നിര്‍മ്മിത ഉത്പന്നങ്ങള്‍ മാത്രമല്ല ഇന്ത്യന്‍ ജനതയെ സ്വാധീനിച്ചത്. വിദേശ സിനിമകളിലെ( പ്രത്യേകിച്ച് ഹോളിവുഡ് സിനിമകള്‍) ആദര്‍ശങ്ങളും(രാഷ്ട്രീയവും) സംസ്കാരവും നമ്മുടെ ഇന്ത്യന്‍ സിനിമകളെ സ്വാധീനിച്ചു എന്നുള്ളതിനുള്ള ഏറ്റവും വലിയ തെളിവാണ് ഗബ്ബര്‍ സിംഗും മൊഗാംബോയും മറ്റും വില്ലന്‍മാരായിരുന്ന ഇന്ത്യന്‍ സിനിമകളില്‍  തീവ്രവാദികള്‍ വില്ലന്‍മാരായി പ്രതിഷ്ഠിക്കപ്പെടുന്നത്. തീവ്രവാദം എന്നുള്ളത്  അടിച്ചമര്‍ത്തേണ്ട ഒരു ആശയമാണെന്നും തീവ്രവാദം ചെയ്യുന്നവരെല്ലാം വില്ലന്‍മാരാണെന്നുമുള്ളത് യാഥര്‍ത്ഥ്യമെന്നിരിക്കെ ഇന്ത്യന്‍ സിനിമകളില്‍ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി തീവ്രവാദികളായി ദൃശ്യവത്കരിക്കുന്നത് ഒരു പ്രത്യേക മത വിഭാഗക്കാരെയാണെന്നുള്ളത് ഒരു നഗ്ന സത്യമാണ്.  എന്നും ക്ളീഷേകളെ പിന്തുടരുന്ന സിനിമാലോകത്ത് ഇതും ഒരു ക്ളീഷേ ആയി എന്നുള്ളതാണ് കൗതുകകരമായ മറ്റൊരു യാഥാര്‍ഥ്യം. നല്ലവനും ചീത്തവനുമായ മത വിശ്വാസികളെ ഒരേ സമയം സിനിമകളില്‍ കാണിച്ച് പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ മുമ്പും  ചലച്ചിത്രകാരന്മാര്‍ക്കായിട്ടിണ്ടുണ്ടെന്നിരിക്കെ വിശ്വരൂപത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഈ കോലാഹലങ്ങളെന്തിനെന്ന് ചോദ്യമുയരുക സ്വാഭാവികമാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില ഇന്ത്യന്‍ സിനിമകള്‍ സാങ്കേതികപരമായി ഹോളീവുഡ് നിലവാരത്തിനോടൊപ്പമെത്തിയതായി നാം കണ്ടിട്ടുണ്ട്. ഹിന്ദിയിലും, തമിഴിലും, തെലുങ്കിലുമെല്ലാം ഇതിന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവുമെങ്കിലും അവയിലെല്ലാം Animation, Visual Effects, Sound Designing, Fusion Music എന്നിവയെല്ലാമാണ് ഇന്ത്യന്‍ സിനിമകളെ  Hollywood നിലവാരത്തിലെത്തിച്ചതെങ്കില്‍ വിശ്വരൂപം സാങ്കേതികത്തികവുള്ള ഒരു ചലച്ചിത്ര ഭാഷ സ്വായത്തമാക്കിയാണ് ഉന്നത നില്വാരം പുലര്‍ത്തുന്നത്. സിനിമ ഒരു ദൃശ്യ മാധ്യമമെന്നിരിക്കെ എന്ത് പറയുന്നു എന്നുള്ളതിനേക്കാള്‍ എന്ത് കാണിക്കുന്നു എന്നുള്ളതിനാണ് ചലച്ചിത ഭാഷ പ്രാധാന്യം കൊടുക്കുന്നത്. അത് കൊണ്ട് തന്നെ ഈ സിനിമയില്‍ കഥാപാത്രങ്ങള്‍ സംഭാഷണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന വിവിധ ഭാഷകള്‍ നമുക്കുള്‍ക്കൊള്ളാനായില്ലെങ്കിലും ഈ ചലച്ചിത്രത്തിന്റെ ഓരോ ഷോട്ടുകളും പ്രേക്ഷകര്‍ക്ക് ചലച്ചിത്രമെന്ന ഭാഷയിലൂടെ വസ്തുതകള്‍ മനസ്സിലാക്കി കൊടുക്കുന്നു. അതിനുള്ള ഏറ്റവും ചെറിയ ഒരുദാഹരണമാണ് അഫ്ഘാനിസ്ഥാനിലെ കുട്ടികളുടെ കളി ചിത്രീകരിച്ച് കൊണ്ട് കാണിച്ചിരിക്കുന്നത്. മിഷന്‍ ഗണ്ണുകളും മിസൈലുകളും ഉപയോഗിച്ചുള്ള അക്രമണങ്ങള്‍ കണ്ട് വളരുന്ന കുട്ടികള്‍ വിനോദത്തിനായി കളിക്കുമ്പോള്‍ പോലും ആ അക്രമണ രംഗങ്ങളുടെ സ്വാധീനം അതില്‍ ദര്‍ശിക്കാനാവും എന്ന ചലച്ചിത്രകാരന്റെ ദ്രൂഷ്ടി കോണിലെ ആശയമാണ് ഇവിടെ വ്യാഖാനിക്കപ്പെട്ടിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളിലെ (പ്രത്യേകിച്ച് യുദ്ധ രംഗങ്ങളിലെ) സാങ്കേതിക മികവാണീ സിനിമയില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം. സ്വാഭാവികമായും, ചടുലതയും യാഥാര്‍ഥ്യമെന്ന് തോന്നിക്കുന്ന  Visual Effects കൊണ്ടുള്ള വിസ്മയക്കാഴ്ചകള്‍ കൊണ്ടും  Action sequence-കളിലെ ഓരോ ഷോട്ടുകള്‍ക്കും ഉയര്‍ന്ന നിലവാരം പുലര്‍ത്താനായതിന് പിന്നില്‍ Cinematographer-ടെയും Action Director-ന്റെയും creativity വ്യക്തമാകുന്നുണ്ട്.

 കമലഹാസന്‍ എന്ന അതുല്യ പ്രതിഭ വിശ്വരൂപത്തിലൂടെ തന്റെ സകലകലാ വല്ലഭന്‍ എന്ന തികഞ്ഞ കലാകാരന്റെ അമൂര്‍ത്ത രൂപമാണ് പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുത്തിരിക്കുന്നത്. രചനയിലോ സംവിധാനത്തിലോ ഗാനാലാപനത്തിലോ അതോ അഭിനയത്തിലോ ഏതിലാണ് അദ്ദേഹം കൂടുതല്‍ മികവ് കാട്ടിയത് എന്ന് വേര്‍ തിരിച്ച് പറയാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. വിസ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന വിശ്വനാഥന്റെ വിശ്വരൂപം വിവിധ നാട്യ -വേഷ- ഭാവ പകര്‍ച്ചയിലൂടെ നാം കണ്ടനുഭവിക്കുമ്പോള്‍ കമലഹാസന്‍ ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ ഒരു നടന വിസ്മയമാണെന്ന്  പറയാതിരിക്കാന്‍ ആര്‍ക്കുമാവില്ല. സ്ത്രണ ഭാവങ്ങളുള്ള നൃത്താദ്ധ്യാപകനായി നമ്മള്‍ പരിചയപ്പെടുന്ന കമലഹാസന്റെ കഥാപാത്രം സിനിമയിലുടനീളം വിവിധ ഭാവ വേഷപ്പകര്‍ച്ചയിലൂടെ നമ്മെ വിസ്മയിപ്പിക്കുന്നു.

കമലഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ് കഥയും മറ്റു കഥാപാത്രങ്ങളും സഞ്ചരിക്കുന്നത് എന്നുള്ളത് കൊണ്ട് ഈ സിനിമയിലൂം പരമ്പരാഗതമായ നായക സങ്കല്‍പം തന്നെയാണ് പിന്തുടരുന്നത് എന്ന് പറയാതിരിക്കാന്‍ വയ്യ. തന്റെ കഥാപാത്രത്തിലേക്ക് മാത്രം പ്രേക്ഷക ശ്രദ്ദ ആകര്‍ഷിക്കണമെന്നുള്ളത് കൊണ്ടാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താര മൂല്യമില്ലാത്ത അഭിനേതാക്കളെ ഉപയോഗിച്ചത് എന്ന് തോന്നിപ്പോയാല്‍ അതിശയോക്തിയൊന്നുമില്ല. കമലഹാസന്‍ സിനിമകളില്‍ സ്ഥിരമായി കാണാറുള്ള കിടപ്പറ രംഗം വിശ്വരൂപത്തില്‍ കാണാനായില്ല എന്ന് നിരാശപ്പെട്ടവരെ ത്രൂപ്തിപ്പെടുത്താനായിരുന്നോ ക്ളൈമാക്സിനു ശേഷമുള്ള resolution ഭാഗത്ത് കിടപ്പറ ദൃശ്യങ്ങള്‍ തുന്നിച്ചേര്‍ത്തത് എന്ന് തോന്നിപ്പോകും.

വിവാദങ്ങളും പ്രതിഷേധങ്ങളും നില നില്‍ക്കുകയോ കെട്ടടങ്ങുകയോ ചെയ്താലും വിശ്വരൂപം സാങ്കേതിക മികവും കലാമൂല്യവും ഒത്തിണങ്ങിയ ഒരു ചലച്ചിത്രമാണെന്ന വസ്തുത എന്നും സ്ഥായിയായി നില നില്‍ക്കും എന്നുള്ളതില്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. 



No comments

Theme images by Maliketh. Powered by Blogger.