നിലകാശം ... ഭുമി: ദുല്ഖര്‍ -സണ്ണി കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ ..

ഒരു കാലത്ത് കുടുംബ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാനുള്ള ചേരുവകളുണ്ടെങ്കില്‍ ഒരു മലയാള ചിത്രത്തിന് സാമ്പത്തിക വിജയം നേടാനാവും എന്നതായിരുന്നു വിജയ മന്ത്രമെങ്കില്‍ , ന്യൂ ജനറേഷന്‍ സിനിമകളുടെ കുത്തൊഴുക്കോടൂ കൂടി ഒരു മലയാള സിനിമ വിജയിക്കണമെങ്കില്‍ യുവാക്കള്‍ തിയേറ്ററുകളിലേക്ക് തള്ളിക്കയറണമെന്ന സ്ഥിതി വിശേഷമായി. അത് കൊണ്ട് തന്നെ പല ന്യൂ ജനറേഷന്‍ ചലച്ചിത്രകാരും യുവ പ്രേക്ഷകരെ മാത്രം മനസ്സില്‍ കണ്ട് കൊണ്ടാണ് സിനിമയുടെ കഥ മെനയുന്നത് തന്നെ. അത് വിദേശ ചിത്രങ്ങളുടെ കഥാംശത്തെ കേരളത്തിലേക്ക് പറിച്ച് നട്ടിട്ടാണെങ്കിലും സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിത രീതിയും വസ്ത്രധാരണവുമെല്ലാം പാശ്ചാത്യരെ വെല്ലുന്ന രീതിയിലായിരിക്കും. എന്നിരുന്നാലും അവരുടെ നാവില്‍ നിന്നും  വരുന്ന അശ്ളീലച്ചുവയുള്ള സംഭാഷണങ്ങള്‍ മിക്കവയും പച്ച മലയാളത്തില്‍ തന്നെയായിരിക്കും എന്നുള്ളതാണ് കൗതുകകരമായ മറ്റൊരു കാര്യം. ഇങ്ങനെ കഥയില്ലായ്മയില്‍ നിന്നും മെനഞ്ഞെടുത്ത ആത്മാവില്ലാത്ത തിരക്കഥയില്‍ നിന്നും ഉടലെടുക്കുന്ന സിനിമയുടെ സംഭാഷണങ്ങളോ, ദൃശ്യങ്ങളോ ആസ്വദിച്ച് ചില യുവപ്രേക്ഷകര്‍ മാത്രം കയ്യടിച്ചാലും പടം സൂപ്പര്‍ ഹിറ്റെന്നും രണ്ടാം ഭാഗം വരുന്നെന്നും പറഞ്ഞ് പോസ്റ്ററിറക്കി പുതിയ പരസ്യപ്രചാരണങ്ങള്‍ നടത്തി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രീതി വരെ എത്തി നില്‍ക്കുന്നു ഈ യുവ തരംഗ സിനിമ വ്യവസായം. എന്നാല്‍ നീലാകാശം പച്ചക്കടല്‍ ... ഇതില്‍ നിന്നുമെല്ലാം വേറിട്ട് നില്‍ക്കുന്നത് മേല്‍ പറഞ്ഞ ന്യൂജനറേഷന്‍ ശ്രേണിയില്‍ പെടുന്നതു കൊണ്ടോ, നീണ്ട് നിവര്‍ന്ന് കിടക്കുന്ന അന്തവും കുന്തവുമില്ലാത്ത ചിത്രത്തിന്റെ പേരു കൊണ്ടോ മാത്രമല്ല. ഇതൊരു മലയാള ചലച്ചിത്രം തന്നെയാണോ എന്ന് സംശയിച്ചു പോകുന്ന രീതിയിലുള്ള സിനിമയുടെ ഘടന തന്നെയാണ് നീലാകാശത്തെ ചുവന്ന മാനമാക്കുന്നത്.
ടെലിവിഷനിലൂടെ നിരവധി യാത്രാ വിവരണ പരിപാടികളും, ഡോക്യൂമെന്ററികളും, സീരിയലുകളും കാണുന്ന മലയാളി പ്രേക്ഷകന് ഇതെല്ലാം ഒറ്റയടിക്ക് ഒരു സിനിമയില്‍ കാണണമെങ്കില്‍ നീലാകാശം... കണ്ടാല്‍ മതി. ഒരു മുഴു നീള റോഡ് മൂവി എന്ന് പറഞ്ഞ് കേട്ട് സിനിമ കാണാനെത്തുന്ന പ്രേക്ഷകന് ഇത്രയധികം വിഭവങ്ങള്‍ ഒരുക്കി  വച്ച സംവിധായകനെ തീര്‍ച്ചയായും അഭിനന്ദിക്കണം. എന്തെങ്കിലും കാരണത്താല്‍ പ്രേക്ഷകന് ബോറഡിച്ചാലോ എന്ന് കരുതി റോക്ക് മ്യൂസിക്കിന്റെ അകമ്പടിയോടെയുള്ള ഗാനങ്ങള്‍ക്ക് പുറമേ ചിത്രത്തിന്റെ ഒടുക്കം വരെ ജീംഗിള്‍സ് പോലെ മുഴങ്ങിക്കൊണ്ടിരിക്കുന്ന പശ്ചാത്തല സംഗീതവും കൂട്ടിനുണ്ട്. എന്നിട്ടും മടുപ്പു തോന്നുന്ന യുവ പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ നായികമാരുടെ നഗ്നതാ പ്രദര്‍ശനത്തിനെങ്കിലും ആവുമെന്ന ആശ്വാസമുണ്ട്. എങ്ങോട്ടേക്കാണെന്ന് പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ ബൈക്കില്‍ യാത്ര തിരിക്കുന്ന കാസിയും ( ദുല്‍ഖര്‍ സല്‍മാന്‍ ) സുഹൃത്ത് സുനിയും ( സണ്ണി വെയ്ന്‍ ) ബൈക്കില്‍ നടത്തുന്ന ഉത്തരേന്ത്യന്‍ യാത്രയിലൂടെയാണ് സിനിമ വികസിക്കുന്നത്. യാത്രക്കിടയില്‍ അവ്ര്‍ കണ്ടു മൂട്ടുന്ന മറ്റ് കഥാപാത്രങ്ങളും, സ്ഥലങ്ങളും, അനുഭവങ്ങളും നായക കഥാപാത്രത്തിന്റെ ജീവിത കഥയിലേക്ക് വെളിച്ചം വീശുന്നതിന് കാരണമാകുന്നു. ഇങ്ങനെ നായകന്റെ നരേഷനിലൂടെയും, ഫ്ലാഷ് ബാക്കിലൂടെയും, സുനിയുടെ  കാമുകിയോടുള്ള വിവരണത്തിലൂടെയുമൊക്കെയാണ് നീലാകാശം.... എന്ന സിനിമയുടെ അടിസ്ഥാന കഥയെന്തെന്ന് പ്രേക്ഷകന് മനസ്സിലാവുന്നത്. മലയാളികള്‍ക്ക്  സുപരിചിതമല്ലാത്ത ഒരു ഘടനയിലാണ് സിനിമയുടെ ആഖ്യാനമെന്നുള്ളത്  പുതുമയായി തോന്നാമെങ്കിലും പ്രേക്ഷകരുടെ ആസ്വാധനത്തെ ഈ ഘടന പ്രതികൂലമായി ബാധിച്ചു എന്ന് തന്നെ പറയാം.


ഓരോ സിനിമകളിലൂടെയും പടി പടിയായി തന്റെ അഭിനയ സിദ്ധി  മികവുറ്റതാക്കിക്കൊണ്ട് വരുന്ന ദുല്‍ഖര്‍ സല്‍മാന്‍ എന്ന യുവ താരം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം കാസി എന്ന കോഴിക്കൊടന്‍ മുസ്ലീം കുടുംബത്തിലെ ചെറുപ്പക്കാരന്റെ മാനറിസങ്ങള്‍ നൈസര്‍ഗ്ഗികമായി അവതരിപ്പിക്കുന്നതോടൊപ്പം കാസിയുടെ നാഘാലാന്റുകാരിയായ കാമുകി അസിയുമായുള്ള പ്രണയത്തിന്റെ തീവ്രതയും പ്രേക്ഷകരിലെത്തിക്കാന്‍ ദുല്‍ഖറിന്റെ അഭിനയത്തിനായി  എന്നുള്ളത് പ്രശംസനീയമാണ്. സൈഡ് കിക്കുകളാണ് നായകന്റെ ഹീറോയിസത്തിന് പിന്‍ബലം നല്‍കുന്നത് എന്നത് വാസ്തവമാണെങ്കിലും സൈഡ് കിക്കായി വരുന്നത് സണ്ണീ വെയ്നാണ്  എങ്കില്‍ , വെറും നായകന്റെ വാലാകാതെ സ്വതന്ത്രമായ വ്യക്തി വിശേഷണങ്ങളുള്ള കഥാപാത്രമായിരിക്കും അവര്‍ . കണ്ണുര്‍ സ്വദേശിയായ സുനിയെ അവതരിപ്പിച്ച സണ്ണി വെയ്ന് തന്റെ സ്വത സിദ്ദമായ ശൈലിയിലുള്ള അഭിനയത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടി. മലയാളികളല്ലാത്ത നായികമാര്‍ സിനിമയുടെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ പ്രകടനം നല്‍കിയതും ശ്രദ്ദേയമാണ്. 

കലാപരമായി സവിശേഷതകളൊന്നും  ചിത്രത്തിന് അവകാശപ്പെടാനില്ലെങ്കിലും, ഛായാഗ്രഹണത്തിന്റെയൂം എഡിറ്റിംഗിന്റെയും, പശ്ചാത്തല സംഗീതത്തിന്റെയൂം മികവ് എടുത്തു പറയേണ്ടത് തന്നെയാണ്.

No comments

Theme images by Maliketh. Powered by Blogger.