7th Day :കെട്ടുറപ്പുള്ള തിരക്കഥയുടെ പിൻബലത്തിൽ ഒരു ത്രില്ലര്‍ ..

സിനിമ എന്ന ദൃശ്യ കല പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് അതിലെ സൂപ്പര്‍താരങ്ങളുടെ അമാനുഷിക പ്രകടനങ്ങളോ, സ്ഥാനത്തും അസ്ഥാനത്തുമുള്ള നിലവാരം കുറഞ്ഞ കോമഡികളോ, ദ്വയാര്‍ഥ പ്രയാഗങ്ങളോ, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൂലമോ അല്ല എന്ന വസ്തുത മലയാള പ്രേക്ഷകര്‍ മുമ്പേ  തന്നെ അംഗികരിച്ചിട്ടുള്ളതാണ്.

ഒരു സിനിമ ഏതൊരു പ്രേക്ഷകനും നല്ലതെന്ന് പറയുമ്പോൾ   അതിന്റെ അടിസ്ഥാനം കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് എന്ന് മലയാളികള്‍ ദൃശ്യത്തെ വന്‍ വിജയമാക്കിക്കൊണ്ട് തന്നെ തെളിയിച്ചതാണ്. ആ ശ്രേണിയിലേക്ക്  ഭദ്രമായ തിരക്കഥയുടെ പിന്‍ബലത്തോടു കൂടി 7th Day എത്തുമ്പോൾ  അത് ആഖ്യാന രീതിയിലും വേറിട്ട് നില്‍ക്കുന്നു. അത്ര സങ്കീര്‍ണ്ണമല്ലാത്ത ഒരു കഥാംശത്തെ പ്രേക്ഷകരെ ഒട്ടൂം മുഷിപ്പിക്കാതെ, അവരെ ത്രസിപ്പിക്കുകയും, ഉദ്വേഗജനതയുടെ മുള്‍മുനയില്‍ നിര്‍ത്തുകയൂം, എന്നാല്‍ ഒട്ടും അതിഭാവുകത്വം കൂടാതെയും അവതരിപ്പിക്കാന്‍ ചലച്ചിത്രകാരന്‍ കാണിച്ച വൈദഗ്ദ്യമാണ് 7th ഡേയെ പ്രേക്ഷകപ്രിയങ്കരമാക്കുന്നത്. ഒരു ക്രൈം ത്രില്ലറില്‍ സാധാരണയുണ്ടാകാറുള്ള ആക്ഷന്‍ രംഗങ്ങളോ, വയലന്‍സോ, തീപ്പാറും ഡയലോഗുകളോ മാറ്റി നിര്‍ത്തി ലളിതവും പക്വവുമായി അവതരിപ്പിക്കുകയും, ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ കാണികളെ engaging ആക്കി നിലനിര്‍ത്തുകയും ചെയ്യുന്ന രീതിയിലുള്ള  തിരക്കഥക്കും ആഖ്യാനരീതിയും  തന്നെയാണ് 7th ഡേയുടെ മികവിന് കാരണം .

യൂണിഫോമോടുകൂടെയും അല്ലാതെയുമായി നിരവധി ചിത്രങ്ങളില്‍ നാം പ്രിഥ്വിരാജിനെ പോലീസ് വേഷങ്ങളില്‍ കണ്ടിട്ടുണ്ടെങ്കിലും ഈ യുവ താരത്തിന്റെ പോലീസ് വേഷങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതും വേറിട്ടു നില്‍ക്കുന്നതുമാണ് എന്നുള്ളതു കൊണ്ട് തന്നെ പ്രിഥ്വിരാജിന്റെ പോലീസ് വേഷങ്ങള്‍ പ്രേക്ഷകരെ മടുപ്പിച്ചിട്ടില്ല. മെമ്മറീസിലെയും, മുംബൈ പോലീസിലെയും ക്രിസ്തീയ നാമത്തിലൂള്ല IPS റാങ്കിലുള്ള പോലീസ് വേഷങ്ങള്‍ ആ ചിത്രങ്ങളുടെ വിജയത്തിന് ശുഭ ശകുനമായി എന്ന് വിശ്വസിക്കുന്നതു കൊണ്ടാണോ എന്ന് തോന്നിപ്പോകുന്ന രീതിയിലാണ് 7th ഡേയിലും  പ്രിഥ്വിരാജ് ഡേവിഡ് എബ്രഹാം എന്ന IPS Officer-ടെ വേഷത്തിലാണ് അവതരിക്കുന്നത്. ഇത്തവണ ഒരു നാല്പത് കാരന്റെ പക്വതയും രൂപമാറ്റവും ഉണ്ട് എന്ന വ്യതാസം മാത്രം. ഒരു നായക കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള സിനിമയല്ലാഞ്ഞിട്ടും 7th ഡെയുടെ മുഖ്യ ആകര്‍ഷണം പ്രിഥിരാജ് എന്ന യുവതാരം തന്നെയാണ്. തന്റെ കഥാപാത്രത്തെ പൂര്‍ണ്ണതയിലെത്തിക്കാന്‍ അദ്ദേഹം വളരെ സൂക്ഷ്മവും പക്വതയുള്ളതുമായ ഭാവാഭിനയവും, അംഗചലനവും കാഴ്ചവച്ച് തന്റെ പ്രകടനം ഗംഭീരമാക്കിയിരിക്കുന്നു. ചിത്രത്തിലെ പഞ്ചിംഗ് ഡയലോഗുകള്‍ക്ക് ഗാംഭീര്യം നല്‍കുവാന്‍ അദ്ദേഹത്തിന്റെ  മികച്ച രിതിയിലുള്ള  voice modulation ആയി.


പ്രത്യേകമായി ഒരു നായകനെ ചുറ്റിപ്പറ്റിയുള്ള പതിവ് രീതിയിലുള്ള കഥയല്ല 7th Day പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ പണത്തിനു വേണ്ടിയുള്ള വ്യാമോഹം  അവരെ കുഴപ്പത്തില്‍ ചെന്നു ചാടിക്കുകയും, അവരില്‍ സംശയം തോന്നുന്ന സസ്പെന്ഷനിലുള്ള ഒരു IPS ഓഫീസര്‍ അവരുടെ രക്ഷകനെന്ന വ്യാജേന അവരെ പിന്തുടരുന്നതും ഒക്കെയാണ്7th ഡേയുടെ അടിസ്ഥാന കഥയെങ്കിലും ഒട്ടേറെ  സസ്പെന്സും ട്വിസ്റ്റുകളുമുള്ള ചിത്രത്തിന്റെ തിരക്കഥ സാധാരണ സസ്പെന്സ് ത്രില്ലറിനും മികച്ച നിലവാരം 7th ഡേയ്ക്ക് നല്‍കിയിരിക്കുന്നു. അഖില്‍ പോളിന്റെ രചനയും ശ്യാം ധാറിന്റെ സംവിധാനവും പോലെ 7th ഡേയെ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ സുജിവ്  വാസുധേവിന്റെ ഛായാഗ്രഹണം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഓരോ ഷോട്ടുകള്‍ക്ക് മികച്ച ഫ്രെയിമിംഗും അനുയോജ്യമായ ലൈംറ്റിംഗും നല്‍കി ഛായാഗ്രാഹകന്‍ 7th ഡേയുടെ ദൃശ്യഭാഷ ആഖ്യാനരീതിക്ക് സമതന്തുലിതമാക്കിയിട്ടുണ്ട്.

പശ്ചാത്തല സംഗീതം സീനുകളുടെ ശബ്ദമികവിന് മാറ്റു കൂട്ടിയിട്ടുണ്ടെങ്കിലും ചിത്രത്തിലെ ഗാനങ്ങള്‍ വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല. ഗാന ചിത്രീകരണത്തില്‍ സംവിധായകന്‍ ചില അപാകതകള്‍ വരുത്തി എന്നും പറയാതിരിക്കാനാവില്ല. പ്രിഥിരാജിന്റെ പക്വമായ മികച്ച പ്രകടനത്തോടൂ കിടപിടിക്കുന്ന അഭിനയം മറ്റഭിനേതാക്കള്‍ കാഴചവച്ചില്ലെങ്കിലും വിനുവായി അനുമോഹനും ഷാനായി വിനയ് ഫോര്‍ട്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ചിത്രത്തിന്റെ കാസ്റ്റിംഗില്‍ ജനപ്രീതിയുള്ള യുവ താരങ്ങളെക്കൂടി  ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ 7th ഡെയ് കൂടുതൽ  ആകര്‍ഷണവും ജനപ്രിയവും ആയേനെ. ഏങ്കിലും 7th ഡെയ് ആരെയും മുഷിപ്പിക്കാത്ത കെട്ടുറപ്പുള്ള തിരക്കഥയുള്ള ഒരു ത്രില്ലര്‍ ആണെന്ന് ഏതൊരു പ്രേക്ഷകനും സമ്മതിച്ചു പോവും. 

No comments

Theme images by Maliketh. Powered by Blogger.